കൽപറ്റ: ലോണ്‍ ആപ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് അജയരാജ് ജീവനൊടുക്കിയത് മാനഹാനി കാരണമെന്ന് സുഹൃത്തുക്കൾ. അജയരാജിന്റെ കുടുംബാംഗങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു. ഈ ഭീഷണിയെ തുടര്‍ന്നുള്ള മാനഹാനി കൊണ്ടാകാം അജയരാജ് തൂങ്ങിമരിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കിഡ്നി രോഗിയായ അജയരാജിന് കടബാധ്യതയുണ്ടായിരുന്നതായും സുഹൃത്തുക്കൾ പറയുന്നു.
ഫേസ്ബുക്കിലെ പരസ്യത്തില്‍ നിന്നാകാം ഇത്തരം ലോണ്‍ ആപ്പുകളിലേക്ക് അജയരാജ് എത്തിയതെന്നും സംശയിക്കുന്നു. കസ്റ്റഡിയിലെടുത്ത ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചുവരുകയാണ്. ആത്മഹത്യാ പ്രേരണ, ഭീഷണി, ഐ.ടി വകുപ്പ് അനുസരിച്ച് മീനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ചിത്രങ്ങള്‍ ലഭിച്ച സുഹൃത്തിന്റെ ഫോണില്‍ നിന്ന് സന്ദേശമയച്ച നമ്പറിലേക്ക് പൊലീസ് ബന്ധപ്പെട്ടു. സന്ദേശമയച്ച നമ്പറുകള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിലാണ് ഭീഷണിപ്പെടുത്തല്‍. ഈ നമ്പറുകളും പൊലീസ് പരിശോധിച്ചുവരുകയാണ്. കഴുത്തറപ്പന്‍ പലിശയാണ് ലോണിനായി ഇത്തരം ആപ്പുകള്‍ ഈടാക്കുന്നത്. മൊബൈൽ ഫോണിലെ നമ്പറുകളും ചിത്രങ്ങളും തുടങ്ങി എല്ലാ വിവരങ്ങളും ഇവര്‍ ആദ്യം ശേഖരിക്കും. തിരിച്ചടവ് മുടങ്ങിയാല്‍ ഈ നമ്പറുകളിലേക്ക് ഭീഷണി സന്ദേശവും മോര്‍ഫ് ചെയ്ത ചിത്രവും അയച്ചുതുടങ്ങും. നിരവധിപേര്‍ ഇത്തരം കുരുക്കില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൈബര്‍ സെല്ലിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത്. കടമക്കുടിയിലെ കൂട്ട ആത്മഹത്യയുടെ നടുക്കം മാറുംമുമ്പാണ് വയനാട്ടില്‍ സമാന സംഭവത്തില്‍ ഒരു ആത്മഹത്യകൂടി നടന്നത്.