രാമനാട്ടുകര ∙ നഗരത്തിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ 2 ഒഡീഷ സ്വദേശികൾ 6.9 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിൽ. നയാഗർ ഫത്തേക്കർ ബനാമലിപൂർ സ്വദേശി ബസുദേവ് മഹാപത്ര(34), കോർദ കാലുപാറ ഗഡ് ബ്ലോക്ക് ദീപ്തി രഞ്ചൻ മാലിക്(29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
രാമനാട്ടുകര മേഖലയിൽ യുവാക്കൾ, അതിഥിത്തൊഴിലാളികൾ എന്നിവർക്കിടയിൽ വ്യാപകമായി കഞ്ചാവ് ഉപയോഗമുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിനു വിവരം ലഭിച്ചിരുന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജു, ഫറോക്ക് റേഞ്ച് ഇൻസ്പെക്ടർ ജി.ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നഗരം കേന്ദ്രീകരിച്ചാണു ലഹരി എത്തിച്ചു നൽകുന്നതെന്നു തിരിച്ചറിഞ്ഞു.
ഇതോടെ നിരീക്ഷണം ശക്തമാക്കുകയും എയർപോർട്ട് റോഡിലുള്ള ലോഡ്ജിൽ മുറിയെടുത്ത അതിഥിത്തൊഴിലാളികൾ കഞ്ചാവ് വിൽക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഉച്ചയ്ക്ക് ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ഇവർ ഒഡീഷയിൽ നിന്നു പതിവായി കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്നതായും ഉറവിടത്തെക്കുറിച്ചു അന്വേഷണം നടത്തുകയാണെന്നും എക്സൈസ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ സി.പി.ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി.ജിത്തു, പി.അജിത്ത്, ഫറോക്ക് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ടി.പ്രമോദ്, പ്രിവന്റീവ് ഓഫിസർ ടി.രാഗേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ.സാവീഷ്, ടി.രജുൽ, പി.വി.ആരിഫ്, അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ജെ.എഡിസൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.