കോഴിക്കോട്: നഗരമധ്യത്തിൽ ലോഡ്ജ്മുറിയിൽ യുവതിയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്ക് കുരുക്കിട്ടത്കോഴിക്കോട് സിറ്റി പൊലിസിന്‍റെ ഓപറേഷൻ നവംബർ. സിറ്റി പൊലീസിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പൊലീസ് കമീഷണർ ടി. നാരായണനു കീഴിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണം.
ടൗൺ എ.സി.പി അഷറഫ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് ആയിരുന്നു സ്ക്വാഡ് തലവൻ. സംഭവശേഷം സ്ഥലത്തു നിന്നു രക്ഷപ്പെട്ട പ്രതി അബ്ദുൽ സനൂഫ് പാലക്കാട് കാർ ഉപേക്ഷിച്ചശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തതാണ് പൊലീസിനെ വലച്ചത്. തുടർന്ന് തമിഴ്നാട്, കർണാടക എന്നിവടങ്ങളിലായി വ്യാപിപ്പിച്ച അന്വേഷണത്തെ ഏകോപിപ്പിച്ചത് ഓപറേഷൻ നവംബർ എന്ന വാട്സ്ആപ്പ് ഗ്രൂപ്പായിരുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ രഹസ്യാന്വേഷണം നടത്തിയും സി.സി.ടി.വി പരിശോധിച്ചും ശേഖരിച്ച വിവരങ്ങൾ എ.സി.പി ഉൾപ്പടെയുള്ള സംഘം പരസ്പരം ചർച്ച ചെയ്ത് നിഗമനത്തിലെത്തിയായിരുന്നു അന്വേഷണം.
ലഭ്യമായ ഫോട്ടോകളും ഫോൺ നമ്പറുകളും സി.സി.ടി.വി ദൃശ്യങ്ങളും അതത് സമയത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് അന്വേഷണ വേഗത കൂട്ടി. കൊല നടന്നതിന്‍റെ തൊട്ടടുത്ത ദിവസം ഉപേക്ഷിക്കപ്പെട്ട നിലയിൽ പാലക്കാട് കണ്ടെത്തിയ കാറാണ് ആദ്യ സൂചന നൽകിയത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും പ്രതി ടൗൺ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. മുറിയിൽ നിന്നു രക്ഷപ്പെട്ട സമയത്തെ വേഷം മാറ്റിയും മീശവടിച്ചും രൂപമാറ്റം വരുത്തി പ്രതി റെയിൽവേ സ്റ്റേഷനിലെത്തിയതായി അന്വേഷണസംഘം തിരിച്ചറിഞ്ഞു. പക്ഷേ എവിടേക്കാണ് പോയതെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.
തുടർന്ന് കർണാടകയിൽ രണ്ടുതവണ പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കിട്ടിയതും ആ രണ്ടുസമയവും പാലക്കാട്-ബംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് ട്രെയിനിന്‍റെ സമയമാണെന്നതും യാത്ര ബംഗളൂരുവിലേക്കാണെന്ന നിഗമനത്തിൽ പ്രത്യേകസംഘം എത്തി. തുടർന്ന് നടക്കാവ് എസ്.ഐ ബിനുമോഹന്‍റെ നേതൃത്വത്തിൽ രണ്ടു ടീമുകൾ ബംഗളൂരുവിൽ എത്തി. പൊലീസ് ബംഗളൂരുവിലുണ്ടെന്ന വിവരമറിഞ്ഞ പ്രതി ഫോൺ ഓണാക്കാതെ വൈഫൈ ഉപയോഗിച്ചും വാട്സ്ആപ്പ് കോൾ ചെയ്തുമാണ് കാര്യങ്ങൾ അറിഞ്ഞിരുന്നത്.
ബംഗളൂരുവിൽ ഹോട്ടലിൽ മുറിയെടുത്ത് യുട്യൂബിൽ ടി.വി വാർത്തകൾ കണ്ട് അന്വേഷണസംഘത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ച സനൂഫ് തന്‍റെ ഫോട്ടാ പതിച്ച ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ച് മനസിലാക്കുകയും സോഷ്യൽ മീഡിയയിലുടെ ഇത് കണ്ട ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന് ഭയന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയുമായിരുന്നു. ദക്ഷിണ കന്നട സ്വദേശിയായ ചൗഢ ഗൗഢ എന്നയാളുടെ സിം സംഘടിപ്പിച്ച് വിളിച്ച് തമിഴ്നാട്ടിലേക്ക് നീങ്ങിയ പ്രതി ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടത് പൊലീസ് കണ്ടെത്തി.
ഗൂഗിൾ വഴി ഹോട്ടലിനെക്കുറിച്ച് സകലവിവരവും ശേഖരിച്ച പൊലീസ് സംഘം ഹോട്ടൽ വളഞ്ഞപ്പോൾ സനൂഫ് മുറിയിലെ ടി.വിയിൽ യൂട്യൂബിൽ ക്രൈം വാർത്തകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രതിക്ക് രക്ഷപ്പെടാൻ പഴുതുപോലും നൽകാതെ ഓപറേഷൻ നവംബർ ചെന്നൈ ആവഡിയിലെ ലോഡ്ജിൽ അവസാനിപ്പിക്കുമ്പോൾ സനൂഫ് ചെയ്ത കുറ്റമെല്ലാം പൊലീസിനോട് ഏറ്റുപറഞ്ഞു. ഒറ്റപ്പാലത്ത് തനിക്കെതിരെ ഫസീല ബലാൽസംഘ കേസ് നൽകിയതും രണ്ടരമാസം റിമാൻഡിലായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസ് ഒത്തുതീർപ്പാക്കി കരാർ എഴുതണം എന്നു പറഞ്ഞാണ് സനൂഫ് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് യുവതിയുമായി വാക്കേറ്റം നടക്കുകയും കഴുത്തിൽ അമർത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.