തിരുവനന്തപുരം∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. മത്സരിക്കാൻ താൽപര്യമില്ലെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സംഘടനാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുരേന്ദ്രന്‍ മത്സരരംഗത്തുനിന്ന് ഒഴിവാകുന്നത്. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ടെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കേന്ദ്രം നിർദേശിച്ചാൽ സുരേന്ദ്രനും മത്സര രംഗത്തിറങ്ങേണ്ടിവരും.
പ്രധാന ബിജെപി നേതാക്കളോട് സംഘടനാ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാൻ കേന്ദ്ര നേതൃത്വം നിർദേശിച്ചിട്ടുണ്ട്. രാജ്യസഭയിലൂടെ മന്ത്രിപദം ലക്ഷ്യമിടാതെ തിരഞ്ഞെടുപ്പ് രംഗത്ത് നേട്ടമുണ്ടാക്കാനാണ് നിർദേശം. ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മാത്രം കേന്ദ്രീകരിക്കാനും നിർദേശമുണ്ട്. ഓരോ മണ്ഡലത്തിലും മുന്നുപേരുടെ സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കിയിട്ടുണ്ട്. ഡൽഹിയിലെത്തിയ നേതാക്കൾ പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറി. കേന്ദ്രം പട്ടികയിൽ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലാണ് കെ.സുരേന്ദ്രൻ മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേന്ദ്രന് ഹെലികോപ്റ്ററും നൽകിയിരുന്നു. ശബരിമല വിഷയത്തിൽ നോട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയോടെ പത്തനംതിട്ടയിൽ മത്സരിച്ചെങ്കിലും സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായി. കോൺഗ്രസിലെ ആന്റോ ആന്റണി 44243 വോട്ടുകൾക്ക് വിജയിച്ചു. ആന്റോ ആന്റണി 380927 വോട്ടുകൾ നേടിയപ്പോൾ, സിപിഎമ്മിലെ വീണ ജോർജ് 336684 വോട്ടുകൾ നേടി. കെ.സുരേന്ദ്രന് ലഭിച്ചത് 297396 വോട്ടുകൾ. 2014ൽ ബിജെപി നേതാവ് എം.ടി.രമേശ് പത്തനംതിട്ടയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ലഭിച്ചത് 138954 വോട്ട്. 158442 വോട്ടുകൾ അധികം സമാഹരിക്കാൻ സുരേന്ദ്രന് കഴിഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എൽഡിഎഫിലെ കെ.യു.ജനീഷ് കുമാർ 8508 വോട്ടിനു ജയിച്ചു. കോൺഗ്രസിലെ ഫോബിൻപീറ്റർ രണ്ടാമതെത്തി. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ രണ്ടാമതെത്തി. ലീഗിന്റെ എകെഎം എഷ്റഫ് 745 വോട്ടിനാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ 2016ൽ പരാജയപ്പെട്ടത്.