കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥിന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് സിപിഎം നേതാക്കള്‍. ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ പറഞ്ഞു. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയെയാണ് നഷ്ടമായത്. പ്രതിയായ അഭിലാഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ്. ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കൊലപാതകം നടത്തിയ ആൾക്ക് ആറ് വർഷമായി പാർട്ടിയുമായി ബന്ധമില്ല. സി പി എം വിരുദ്ധ മനോഭാവമുള്ള ആളാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. കൊയിലാണ്ടി പാർട്ടിയിൽ ഒരു പ്രശ്നവുമില്ല. ക്രിമിനൽ സ്വഭാവമുള്ളവർ ചെറിയ വിരോധം ഉണ്ടെങ്കിൽ പോലും കൊലപാതകം നടത്തും. സത്യനാഥ് സ്നേഹത്തോടെ വളർത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണിതെന്നും ഇപി ജയരാജൻ പറഞ്ഞു.
കെ എം ഷാജിക്ക് നിലവാരമില്ലെന്നും മരിച്ച ആളെ കോടതി ശിക്ഷിച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. കോടതി തൂക്കി കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം. ഷാജി പൊതു പ്രവർത്തന രംഗത്തുള്ളത് തന്നെ ചിന്തിക്കേണ്ടത്. അതിന് സി പി എമ്മിന് മുകളിൽ കയറണ്ട ഷാജിയ്ക്ക് മുസ്ലീം ലീഗിൽ പ്രശ്നങ്ങൾ ഉണ്ടാവുമെന്നും ഇപി ജയരാജൻ പറഞ്ഞു. ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം വ്യക്തിവിരോധമൂലമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. പ്രതിയെ ഏഴു വർഷം മുമ്പ് പാർട്ടി പുറത്താക്കി. അതിനു ശേഷം പാർട്ടിയുമായി പ്രതിക്ക് ഒരു ബന്ധവും ഇല്ല. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. എന്താണ് വ്യക്തി വൈരാഗ്യമെന്നത് പൊലീസ് കണ്ടത്തട്ടെയെന്നും പി മോഹനൻ പറഞ്ഞു. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയ ആളാണ് പ്രതിയാ അഭിലാഷെന്നും നഗരസഭ പാലിയേറ്റീവ് ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള സ്വഭാവ ദൂഷ്യം ഉണ്ടായിരുന്നുവെന്നും കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല പറഞ്ഞു.
അതേസമയം, കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ പ്രതി സത്യനാഥനെ ആക്രമിക്കുയായിരുന്നു.
ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ സത്യന്‍റെ ഡ്രൈവറായിരുന്നു. കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് പറഞ്ഞു.