മലപ്പുറം: ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി. ഗ്രാമസഭകളുടെ എടുത്ത് കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാൽ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നല്ലെന്നും ഷാജി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ ആ പദ്ധതിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് അവർക്ക് തന്നെ തോന്നുന്നത് കൊണ്ടാണെന്നും കെ എം ഷാജി പറഞ്ഞു.
‘ലൈഫ് മിഷൻ ഇല്ലാതാക്കും എന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും പദ്ധതിയെ തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്. ഒരു സർക്കാരിന്റെ എല്ലാ പദ്ധതിയും തകർക്കാൻ അടുത്ത സർക്കാർ തീരുമാനിച്ചാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകും. പദ്ധതികളിൽ ആവശ്യമായ തിരുത്തൽ വരുത്തിയാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുക’, കെ എം ഷാജി പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരിൽ തിരിച്ചു എത്തിക്കുക എന്നതാണ് സർക്കാരിന്റെ അജണ്ടയെന്നും സിപിഐഎം സമരങ്ങൾ സംഘടിപ്പിച്ചോട്ടെയെന്നും കെ എം ഷാജി പറഞ്ഞു. സമരം ചെയ്യുമോ എന്ന് നോക്കിയിട്ട് മെറിറ്റ് ഉള്ള കാര്യങ്ങൾ ചെയ്യാതിരിക്കില്ല. കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ അടിച്ചു തകർക്കാൻ വന്ന സർക്കാരല്ല ഇതെന്നും അദ്ദേഹം ആവർത്തിച്ചു. ‘ഇത്ര വലിയ വിജയം നേടാൻ കാരണമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി നടപ്പാക്കുകയാണ് ഞങ്ങളുടെ പദ്ധതി. മഴക്കാല പൂർവ ശുചീകരണകാര്യത്തിൽ നാളെ അടിയന്തിര ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്’, കെ എം ഷാജി പറഞ്ഞു.
ലൈഫ് പദ്ധതി പൊളിച്ചെഴുതാൻ തദ്ദേശവകുപ്പ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വീടുകൾ നിർമ്മിച്ച് നൽകാനുള്ള അധികാരം പഞ്ചായത്തുകൾക്ക് കൈമാറാൻ നീക്കം നടത്തുന്നതായായിരുന്നു വിവരം. ഗ്രാമസഭകൾ വഴി പ്രൊപ്പോസൽ വരുന്ന രീതിയിൽ പൊളിച്ചെഴുതുമെന്നായിരുന്നു സൂചന.
സംഭവം വിവാദമായതോടെ പ്രതികരിച്ച് മുൻ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്തെങ്കിലും പുതിയ പദ്ധതി ആരംഭിക്കൽ അല്ല, അഞ്ച് ലക്ഷത്തോളം വീടുകൾ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പിക്കൽ ആണ് യുഡിഎഫിന്റെ മുൻഗണനയെന്ന് എം ബി രാജേഷ് വിമർശിച്ചിരുന്നു. ലൈഫ് വഴി വീടുകൾ ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന, മുൻഗണനാ ക്രമത്തിൽ അടുത്തത് തങ്ങളാണെന്നതിനാൽ വീടിനായി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്തിയാവും സർക്കാർ ഭരണം തുടങ്ങുന്നത് തന്നെ. ഈ കണ്ണീരിൽ തന്നെ യുഡിഎഫ് സർക്കാർ കത്തിച്ചാമ്പലാവുമെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു. ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രതികരിച്ചിരുന്നു.
