ലാൻഡറിനും റോവറിനും വിശ്രമമില്ലാത്ത 14 ദിനങ്ങൾ; ദൗത്യം രാസപരീക്ഷണവും വിവരശേഖരണവും

news image
Aug 24, 2023, 4:22 am GMT+0000 payyolionline.in

ചന്ദ്രന്‍റെ മണ്ണിൽ വിജയകരമായി ഇറങ്ങിയ ലാൻഡറും റോവറും അടങ്ങുന്ന ചന്ദ്രയാൻ 3 പേടകത്തിന് ഇനിയുള്ള ദിവസങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളുടേത്. ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ചന്ദ്രനിലെ ഒരു ദിവസം. ഈ 14 ദിവസമാണ് ചന്ദ്രയാൻ പേടകത്തിന്‍റെ ഭാഗമായ ലാൻഡറും റോവറും ചന്ദ്രന്‍റെ മണ്ണിൽ രാസപരീക്ഷണങ്ങൾ നടത്തുക.

ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിർണയിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (രംഭ), മണ്ണിന്‍റെ താപനില അളക്കുന്നതിനുള്ള ചാന്ദ്രാ സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്‍റ് (ചാസ്തെ), ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള ഭൂകമ്പ സാധ്യത അളക്കുന്നതിനുള്ള ലൂണാർ സീസ്മിക് ആക്ടിവിറ്റി ഇൻസ്ട്രമെന്‍റ് (ഇൽസ), നാസയിൽ നിന്ന് എത്തിച്ച ചാന്ദ്ര ലേസർ റേഞ്ചിങ് പഠനത്തിനുള്ള ലേസർ റിട്രോറിഫ്ലക്ടർ അറേ (LRA) എന്നീ ഉപകരണങ്ങളാണ് ലാൻഡറിലുള്ളത്. ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ലാൻഡ് ചെയ്ത സ്ഥലത്താണ് ലാൻഡർ പരീക്ഷണം നടത്തുക. ഇതിനോടൊപ്പം ചന്ദ്രന്‍റെ ഉപരിതലത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ലാൻഡറിലെ കാമറകൾ പകർത്തും.

ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും മൂലകങ്ങളുടെയും രാസഘടന പരിശോധിക്കാനുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (LIBS), ചന്ദ്രനിലെ ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള മണ്ണിന്‍റെയും പാറയുടെയും രാസഘടന നിർണയിക്കാനുള്ള ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (APXS) എന്നീ ഉപകരണങ്ങളാണ് റോവറിലുള്ളത്. ചന്ദ്രന്‍റെ പരന്ന ഉപരിതലത്തിലൂടെ ഉരുണ്ടുനീങ്ങുന്ന റോവർ വിവിധ സ്ഥലങ്ങളിലാണ് പരീക്ഷണങ്ങൾ നടത്തുക.

പരീക്ഷത്തിലൂടെ റോവർ കണ്ടെത്തുന്ന വിവരങ്ങൾ ലാൻഡറിന് കൈമാറും. ലാൻഡർ ഈ വിവരങ്ങൾ ബം​ഗ​ളൂ​രു ബ്യാ​ല​ലു​വി​ലെ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഇ​ന്ത്യ​ൻ ഡീ​പ് സ്​​പേ​സ് നെ​റ്റ്‍വ​ർ​ക്കി​ന് (ഐ.​ഡി.​എ​സ്.​എ​ൻ) കൈമാറും. കൂടാതെ, ചന്ദ്രനെ വലംവെക്കുന്ന ചന്ദ്രയാൻ രണ്ടിന്‍റെ ഓർബിറ്റർ നിലവിൽ പ്രവർത്തന സജ്ജമാണ്. ഈ ഓർബിറ്ററുമായും ലാൻഡർ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ ഓർബിറ്റർ വഴിയും ലാൻഡറിന് വിവരങ്ങൾ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൈമാറാനാകും.

വിലപ്പെട്ട 14 ദിവസങ്ങളിൽ ചന്ദ്രനെ കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്ന തരത്തിലാണ് ചന്ദ്രയാൻ മൂന്നിനെ ഐ.എസ്.ആർ.ഒ തയാറാക്കിയിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe