നിലമ്പൂർ: ഓണത്തോടനുബന്ധിച്ച് അതിർത്തി താലൂക്കിൽ എക്സൈസിന്റെ വ്യാപക പരിശോധന. അതിർത്തിയിൽ തമിഴ്നാട് പൊലീസിന്റെ സഹകരണത്തോടെയാണ് അനധികൃത ലഹരിക്കടത്തിന് കടിഞ്ഞാണിടാൻ പരിശോധന നടക്കുന്നത്. കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ- നിലമ്പൂർ – കോഴിക്കോട് സംസ്ഥാന പാതയിൽ ഊട്ടി പൊലീസ് സൂപ്രണ്ടിന്റെ അനുവാദത്തോടെ ദേവാല ഡിവൈ.എസ്.പിയുടെ സഹായത്തോടെ ഒന്നിലധികം തവണ മിന്നൽ പരിശോധനകൾ നടത്തി.
നാടുകാണി ചുരം അതിർത്തിയിൽ വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടന്നുവരുന്നുണ്ട്. ജില്ല പൊലീസ് സൂപ്രണ്ടിന്റെ അനുവാദത്തോടെ പാർസൽ കേന്ദ്രങ്ങൾ, കൊറിയർ സർവിസുകൾ, ആഡംബര വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു.ജില്ല ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡോഗ് സ്ക്വാഡിലെ മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവ കണ്ടുപിടിക്കാൻ മികച്ച പരിശീലനം ലഭിച്ച ‘ലൈക്ക’യുടെ സഹായത്തോടെയാണ് നിലമ്പൂർ താലൂക്കിന്റെ വിവിധ ഇടങ്ങളിൽ പരിശോധന തുടരുന്നത്. വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ സംയുക്ത പരിശോധന ഏർപ്പാടാക്കി.
ആഗസ്റ്റ് ഒന്നു മുതൽ താലൂക്കിൽ നടത്തിയ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 127 റെയ്ഡുകൾ നടത്തി. 17 അബ്കാരി കേസുകളും 11 മയക്കുമരുന്ന് നിയമ പ്രകാരമുള്ള കേസുകളും കണ്ടെടുത്തു. ഈ കേസുകളിലൂടെ 27 പ്രതികളെ അറസ്റ്റ് ചെയ്തു. 10 ലിറ്റർ ചാരായം, 63 ലിറ്റർ വിദേശമദ്യം, 105 ലിറ്റർ വാഷ്, 362 ഗ്രാം കഞ്ചാവ്, 6.843 ഗ്രാം ബ്രൗൺ ഷുഗർ, 21.250 ഗ്രാം മെത്താ ഫിറ്റമിൻ, രണ്ട് വാഹനങ്ങൾ, രണ്ട് മൊബൈൽ ഫോൺ, 9210 രൂപ എന്നിവ പിടിച്ചെടുത്തു. കോട്പ നിയമപ്രകാരം 3.320 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് 24,400 രൂപ പിഴ ഈടാക്കി. 8679 വാഹനങ്ങൾ പരിശോധന നടത്തി. ലഹരി ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന് വിവിധ വിഭാഗം ഉദ്യോഗസ്ഥരേയും സന്നദ്ധ പ്രവർത്തകരേയും ചേർത്ത് അവലോകന യോഗംചേർന്നു.
ഓണക്കാലം കഴിഞ്ഞാൽ വാർഡ് തല ജാഗ്രത സമിതികളുടെ പ്രവർത്തനം സജീവമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കത്ത് നൽകും.നിയമ സഭ മണ്ഡലാടിസ്ഥാനത്തിൽ ശിൽപശാലകൾ സംഘടിപ്പിക്കും. കോളജ് തലങ്ങളിൽ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പൊതു ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഇക്കാര്യത്തിൽ വേണമെന്ന് നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷ് ആവശ്യപ്പെട്ടു.
പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷ്, നിലമ്പൂർ റേഞ്ച് ഇൻസ്പെക്ടർ സി. സന്തോഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ സി.എം. മനോജ് കുമാർ, സി.പി.ഒ പ്രശാന്ത്, പ്രിവന്റിവ് ഓഫിസർമാരായ റെജി തോമസ്, പി.കെ. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.കെ. റംഷുദ്ദീൻ, ഇ. അഖിൽ ദാസ്, സി. രാജേഷ്, ഏഞ്ചലിൻ ചാക്കോ, ഡ്രൈവർ കെ. രാജീവ്, എം. മഹമൂദ്, എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.