വടകര: താലൂക്കിലെ റേഷൻ കടകളിൽ ചരക്ക് കൊണ്ടു പോയ ലോറി കരാറുകാർക്ക് സിവിൽ സപ്ലൈസ് നൽകാനുള്ളത് 60 ലക്ഷം രൂപ. 3 മാസമായി തുക കൊടുത്തിട്ടില്ല. അതിനു മുൻപു കുറച്ചു ദിവസം സമരം നടത്തിയപ്പോൾ അരമാസത്തെ തുക നൽകി തൽക്കാലം പ്രശ്നം പരിഹരിക്കുകയായിരുന്നു.താലൂക്കിലെ 167 റേഷൻ കടകളിൽ മാസം 160 മുതൽ 200 ലോഡ് വരെ സാധനങ്ങൾ എത്തിക്കണം. ഇതിന് 23 ലോറികൾ ഓടുന്നുണ്ട്. കരാറുകാർക്ക് പണം കിട്ടാത്തതു കൊണ്ട് ലോറിക്കാരും ബുദ്ധിമുട്ടിലാണ്.
ഇന്ധനം നിറച്ച വകയിൽ പമ്പുകളിൽ കുടിശിക തീർക്കാനും ബാക്കിയുണ്ട്. സർക്കാരിൽ നിന്നു പണം കിട്ടിയാലും ഇല്ലെങ്കിലും കരാറുകാർ ലോറിക്കാർക്ക് പണം നൽകേണ്ടി വരും. കുടിശിക കൂടിയാൽ ലോറിക്കാരും ഓടാൻ വിസമ്മതിക്കും. ഇന്നലെ മിക്ക കടയിലും സാധനങ്ങൾ കുറഞ്ഞു തുടങ്ങി. 3 തരം അരിയാണ് ഇപ്പോൾ നൽകുന്നത്. ഇതിൽ ഒരു ഇനം കുറഞ്ഞാൽ വിൽപന നിർത്തേണ്ടി വരും. ഇതിനു പരിഹാരമായി ഇന്നലെ മുതൽ സ്റ്റോക്കുള്ള അരി ഏതായാലും ഓരോ കാർഡിനും നൽകാൻ ഉത്തരവായിട്ടുണ്ട്. എന്നാൽ ഒരേ ഇനം അരി മാത്രം വാങ്ങാൻ കാർഡ് ഉടമകൾ തയാറാകാതെ മടങ്ങുകയാണ്. പല കടകളിലും ഉച്ച വരെ 20 പേർ പോലും എത്തിയിട്ടില്ല. കടക്കാരുടെ കമ്മിഷനെയും സമരം ബാധിക്കും. ലോറി സമരം ദിവസങ്ങൾ പിന്നിട്ടപ്പോൾ പല കടയിലും സാധാരണയുള്ള കച്ചവടത്തിന്റെ പകുതി പോലും നടക്കുന്നില്ല.