തിരുവനന്തപുരം > റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി. ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനത്തിനായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കുന്നില്ല. വിഷയം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വി ശിവദാസൻ എംപി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
യോഗ്യത നേടിയവർ ജോലി സ്വീകരിക്കാതെയും ജോയിൻ ചെയ്തവർ രാജിവെച്ചതുമായി 35ലധികം സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും റീപ്ലേയ്സ്‌മെന്റ് പാനൽ ഉണ്ടാക്കി നിലവിലെ ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കാൻ തിരുവനന്തപുരം ആർആർബി നടപടി സ്വീകരിച്ചിട്ടില്ല. 21 സീറ്റുകൾ ഇഡബ്ല്യുഎസ് വിഭാഗത്തിലും ഒഴിഞ്ഞു കിടക്കുകയാണ്. തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിലുള്ള ഒഴിവുകൾ മറ്റു റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലെ ഉദ്യോഗാർത്ഥികളെ വെച്ച് താത്കാലികമായി നികത്തണം എന്ന ഉത്തരവും തിരുവനന്തപുരം ആർആർബിയുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെ ആശങ്കയിലാക്കിയിരിക്കുയാണ്.