കൊച്ചി: റെയിൽവേ പൊലീസുകാരന്‍റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പരിക്കേറ്റ് ജീവിതം വഴിമുട്ടിയയാൾക്ക് റെയിൽവേ 8,20,000 രൂപ ഒമ്പത് ശതമാനം പലിശ സഹിതം നൽകാൻ ഹൈകോടതി ഉത്തരവ്. 2012 ജൂലൈ ആറിനുണ്ടായ സംഭവത്തിൽ പരിക്കേറ്റ തിരുവനന്തപുരം പാളയം സ്വദേശി എം. മനാഫിനാണ് നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
കുഞ്ഞിന്‍റെ ചികിത്സക്ക് മധുരക്ക് പോകാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിലേക്ക് പോകുമ്പോൾ വി. ഇസാക്കിയപ്പൻ എന്ന ആർ.പി.എഫ് കോൺസ്റ്റബിളിന്‍റെ തോക്കിൽ നിന്ന് വെടിപൊട്ടി ഉണ്ട മനാഫിന്‍റെ വയറിൽ തറക്കുകയായിരുന്നു. സർവിസ് പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയുതിർത്തതാണ് അപകടകാരണമെന്ന് റെയിൽവേയും സമ്മതിച്ചു.
കേരള സർവകലാശാല ജീവനക്കാരനായിരുന്ന മനാഫിന് പഴയ ശാരീരിക മാനസികാവസ്ഥ വീണ്ടെടുക്കാനാവാതെയായി. കുടുംബം സാമ്പത്തികമായും തകർന്നു. എന്നിട്ടും റെയിൽവേ നഷ്ടപരിഹാരം നൽകാൻ തയാറാകാതെ വന്നതോടെ 20 ലക്ഷം രൂപ നഷ്ട പരിഹാരം തേടി മനാഫ് ഹരജി നൽകുകയായിരുന്നു.