ബംഗളൂരു: റിപ്പബ്ലിക് ദിനമായ ഞായറാഴ്ച മജസ്റ്റിക് സ്റ്റേഷൻ ഉൾപ്പെടെ നാല് ടെർമിനലുകളിൽനിന്നും രാവിലെ ഏഴിന് പകരം ആറു മുതൽ മെട്രോ ട്രെയിൻ സർവിസുകൾ ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.
ലാൽബാഗ് ഫ്ലവർ ഷോയിലേക്കും മാധവാ ബി.ഐ.ഇ.സിയിലെ എക്സിബിഷനിലേക്കും യാത്ര ചെയ്യുന്നവരെ ഉൾക്കൊള്ളുന്നതിനായി ഗ്രീൻ, പർപ്പിൾ ലൈനുകളിൽ 20 അധിക സർവിസുകൾ കൂടി ഏർപ്പെടുത്തും.
യാത്രക്കാർക്ക് ലാൽബാഗ് മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനും ടോക്കണുകൾ, സ്മാർട്ട് കാർഡുകൾ, കോമൺ മൊബിലിറ്റി കാർഡുകൾ, ക്യു.ആർ ടിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് മടങ്ങാനും കഴിയും. ലാൽബാഗ് മെട്രോ സ്റ്റേഷനിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെ 30 രൂപയുടെ പേപ്പർ ടിക്കറ്റുകൾ നൽകും.
ലാൽബാഗ് മെട്രോ സ്റ്റേഷനിൽ നിന്ന് ഏത് മെട്രോ സ്റ്റേഷനിലേക്കും യാത്ര ചെയ്യുന്നതിന് പേപ്പർ ടിക്കറ്റുകൾ സാധുവായിരിക്കുമെന്നും ഈ സമയം ലാൽബാഗ് മെട്രോ സ്റ്റേഷനിൽ ടോക്കൺ ടിക്കറ്റുകൾ നൽകില്ലെന്നും ബി.എം.ആർ.സി.എൽ അറിയിച്ചു.