റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം

news image
Jul 2, 2024, 5:38 pm GMT+0000 payyolionline.in

കോഴിക്കോട്: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരേ കൊടുവള്ളി പൊലീസ് കേസെടുത്തു. കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ സിയാന്‍ ബക്കര്‍, മുഹമ്മദ് ഇലാന്‍, മുഹമ്മദ് ആദില്‍, ബിഷര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

എന്നാല്‍ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയ മുഹമ്മദ് ബിഷറിനെയും മുഹമ്മദ് ഇലാനെയും ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സ്‌കൂള്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് നല്‍കിയ പരാതിയിന്‍മേല്‍ അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുത്തു. ഇതിലുള്ള വൈരാഗ്യമാണ്  ഇന്നലെ നാല് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിലേക്ക് വരെ എത്തിയത്.

നടപടിക്ക് വിധേയരായ സീനിയര്‍ വിദ്യാര്‍ത്ഥികളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് പരാതിക്കാര്‍ പറഞ്ഞു. രാവിലെ പതിനൊന്നോടെ സംഘടിച്ചെത്തിയ ഇവര്‍ മരവടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമത്തില്‍ ഒരാള്‍ക്ക്  കോമ്പസ് കൊണ്ടുള്ള കുത്ത് ഏല്‍ക്കുകയും രണ്ട്പേര്‍ക്ക് വലതു കൈയ്ക്കും വിരലിനും പൊട്ടല്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe