രോഗി ലിഫ്റ്റിൽ കുടുങ്ങിയത് 2 ദിനം: ആരോഗ്യ മന്ത്രിക്ക് തിരക്ക് ക്രിമിനലുകളെ രക്തഹാരം അണിയിക്കാനെന്ന് സതീശൻ

news image
Jul 15, 2024, 10:59 am GMT+0000 payyolionline.in
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയോധികന്‍ രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും തിരക്കുള്ളൊരു മെഡിക്കല്‍ കോളജിലെ ഒ പി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ ആള്‍ രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.

മാലിന്യ നീക്കം പൂര്‍ണമായും നിലച്ച് കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അകപ്പെട്ടിട്ടും രക്തഹാരം അണിയിച്ച് ക്രിമിനലുകളെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്ന തിരക്കലാണ് ആരോഗ്യമന്ത്രി. ആരോഗ്യ മേഖലയില്‍ കേരളം കാലങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങളെയൊക്കെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത്.

ആരോഗ്യ മേഖലയും സര്‍ക്കാര്‍ ആശുപത്രികളും ഇത്രയും അനാഥമായൊരു കാലഘട്ടം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. പകര്‍ച്ചപ്പനി വ്യാപകമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാരും വകുപ്പ് മന്ത്രിയും നോക്കി നില്‍ക്കുകയാണ്. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ ഒരു നിമിഷം സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ആരോഗ്യമന്ത്രിക്കില്ല. എത്രയും വേഗം അവര്‍ രാജിവച്ച് പുറത്തു പോകുന്നതാണ് പൊതുസമൂഹത്തിനും നല്ലത്.

അതേസമയം, മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ രണ്ട് ദിവസം കുടുങ്ങിക്കിടന്ന സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe