തിരുവനന്തപുരം: രോഗികള്‍ മരുന്ന് ക്ഷാമം നേരിടുന്നില്ല എന്ന് മന്ത്രി വീണാ ജോര്‍ജ്. വിവിധ സ്കീമുകളിലൂടെ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും മരുന്ന് സ്റ്റോക്ക് 30% ആകുമ്പോള്‍ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.
ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്ന അനൂപ് ജേക്കബിന്റെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്നും അത് പിന്‍വലിക്കണമെന്നും മന്ത്രി പറഞ്ഞു. കെ എം സി എല്‍ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളില്‍ മരുന്നിന്റെ ലഭ്യത കൂട്ടാന്‍ വേണ്ട വിപുലമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ മാത്രമെ നല്‍കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയില്‍ മരുന്നില്ലെന്ന് രോഗി തന്നോട് നേരിട്ട് പറഞ്ഞുവെന്നും എന്നാല്‍ പരിശോധിച്ചപ്പോള്‍ ഫാര്‍മസിയില്‍ ആ വ്യക്തി പോയിട്ടില്ലെന്ന് മനസ്സിലായി,വസ്തുതാ വിരുദ്ധമായ വാര്‍ത്തകളും പ്രചരണങ്ങളുമാണ് ഇതിന് കാരണം എന്നും മന്ത്രി പറഞ്ഞു. അത്യാവശ്യ മരുന്നുകള്‍ ആശുപത്രിയില്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്നും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ ഇപ്രാവശ്യം കൊടുക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.തൊടുപുഴയില്‍ കാരുണ്യ ഫാര്‍മസി തുടങ്ങുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.