രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്; തെരുവില്‍ പൊലീസിനോട് ഏറ്റുമുട്ടി യൂത്ത് കോണ്‍ഗ്രസ്, പലയിടത്തും സംഘര്‍ഷം

news image
Jan 9, 2024, 8:26 am GMT+0000 payyolionline.in

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞ പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. രാഹുലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.

പാലക്കാട് ടൗൺ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഇപ്പോൾ പൊലിസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പത്തനംതിട്ട അടൂരിൽ ആന്റോ ആന്റണി എംപി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം, കൊല്ലം ചന്ദനത്തോപ്പിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മലപ്പുറത്ത് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇവിടെ ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതൂരിനെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രവർത്തകർ റോഡ് ഉപരോധം തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe