തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്നു ബോധ്യമുള്ളതുകൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കെപിസിസി പ്രസിഡന്റിന്റെ പേരിൽ ഇത്രയും ഗുരുതരമായ കേസ് റജിസ്റ്റർ ചെയ്തിട്ടും കോൺഗ്രസ് ഹൈക്കമാൻഡ് മിണ്ടാത്തത് സിപിഎമ്മുമായുള്ള അവിശുദ്ധ സഖ്യത്തിന്റെ തെളിവാണ്. പട്നയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുമ്പോഴാണ്, കേരളത്തിൽ കെപിസിസി പ്രസിഡന്റിനെ സിപിഎം ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജൻസികൾ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ചേർന്ന യോഗത്തിനിടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസിന്റെ എംപി അറസ്റ്റിലായത് പ്രതിപക്ഷത്തിന്റെ നിലപാടുകൾക്കുള്ള തിരിച്ചടിയാണ്. സുധാകരനും വി.ഡി.സതീശനുമെതിരായ കേസുകളിൽ ഇതുവരെ മെല്ലെപോക്ക് നടത്തിയ പൊലീസ് ഇപ്പോൾ കാണിക്കുന്ന ധൃതി, രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റുകൾക്കു വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് സുധാകരനെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പ് മാത്രം ചുമത്തിയത്. കെപിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടും കോൺഗ്രസുകാർ പ്രതിഷേധിക്കാത്തത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് അടിവരയിടുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഒളിംപിക്സ് അസോസിയേഷനിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് സംസാരിച്ച രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോക്സോ കേസ് പ്രതിയായ മോൻസൻ മാവുങ്കലുമായി കെപിസിസി പ്രസിഡന്റിനുള്ള ബന്ധം വ്യക്തമാക്കണം. സംസ്ഥാനത്തെ എസ്എഫ്ഐ തട്ടിപ്പുകൾക്കെതിരെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും സമര രംഗത്തിറങ്ങാത്തത് ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന്റെ ഫലമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.