ദില്ലി: ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെതുടര്‍ന്ന് സംഘർഷം. രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കി. ഇതിനിടെ, യാത്ര ബിഹാറില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബംഗാള്‍ സിപിഎമ്മിനെയും യാത്രയില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചു. ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ച് നീക്കി. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. ആർഎസ്എസിനെയും ബിജെപിയേയും ഭയക്കുന്നില്ലെന്നും ഹിമന്ദ ബിശ്വ ശർമ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും സ്ഥലത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.
ഇതിനിടെ, യാത്ര പശ്ചിമംബംഗാളിലേക്ക് കടക്കാനിരിക്കെ യാത്രയുടെ ഭാഗമാകാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. വിഷയം ഇടത് മുന്നണിയില്‍ ചർച്ച ചെയ്ത് അറിയിക്കാമെന്ന് സിപിഎം കോണ്‍ഗ്രസിനെ അറിയിച്ചു. എന്നാല്‍, തൃണമൂല്‍ പങ്കെടുക്കുമെങ്കില്‍ യാത്രയുടെ ഭാഗമാകില്ലെന്നും സിപിഎം നിലപാട് അറിയിച്ചിട്ടുണ്ട്. യാത്രയുടെ ഭാഗമാകാൻ തൃണമൂല്‍ കോണ്‍ഗ്രസിനും ക്ഷണമുണ്ട്. അതേസമയം ബിഹാറില്‍ നീതീഷ് കുമാർ പങ്കെടുക്കമെന്ന് അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. യാത്ര ബീഹാറിലെ പൂർണിയയിൽ എത്തുമ്പോൾ ബിഹാർ മുഖ്യമന്ത്രിക്കൊപ്പം തേജസ്വി യാദവും പങ്കെടുക്കും. ബംഗാളിൽ നിന്ന് കിഷൻഗഞ്ച് വഴി 29 ന് ആണ് യാത്ര ബീഹാറിൽ കടക്കുക.