തിരുവനന്തപുരം: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് എൽ.ഡി.എഫിന് ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കൂട്ടാൻ എൽ.ഡി.എഫിന് കഴിഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി അത് 12,000മാക്കി ഉയർത്താൻ എൽ.ഡി.എഫിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എസ്.ഡി.പി.ഐയുടേയും ജമാഅത്ത് ഇസ്ലാമിയുടേയും പിന്തുണ കോൺഗ്രസിന് കിട്ടി. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എൽ.ഡി.എഫിനെതിരെ യു.ഡി.എഫിന് വേണ്ടി ഒന്നിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പി.സരിൻ മികച്ച സ്ഥാനാർഥിയാണെന്ന് എല്ലാവരും അംഗീകരിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇടതുവിരുദ്ധ പ്രചാരണം നടത്തിയവർക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.