രാഹുലിനെതിരെ നടക്കുന്നത് ഫാസിസ്റ്റ് നടപടി; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്, രാജ്ഭവന്‍ മാര്‍ച്ച് 27ന്

news image
Mar 24, 2023, 9:23 am GMT+0000 payyolionline.in

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും. നിയമ പോരാട്ടത്തിനായി അ‍ഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, എന്നും പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു.

എതിര്‍ ശബ്ദത്തെ മുഴുവന്‍ കേന്ദ്രം നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ കറുത്ത അധ്യായത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിൻ്റെ തെറ്റുകൾ മൂടിവയ്ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നു. ഭാരത് ജോഡോ യാത്ര ബിജെപിക്ക് വെല്ലുവിളിയായി. അതോടെയാണ് രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് ആരോപിപിച്ച കെ സി വേണുഗോപാൽ, പാർലമെൻറിലെ രാഹുലിൻ്റെ ഏത് വാക്കാണ് മോശമായതെന്നും ചോദിച്ചു. രാഹുലിൻ്റെ ശബ്ദമുയർത്താൻ സമ്മതിക്കുന്നില്ലെന്നും അദ്ദംഹം കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe