‘രാവിലെ 6ന് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 2ന് അത്താഴം; ശുചിമുറി അസഹനീയം..’: ജയിൽ ജീവിതത്തെപ്പറ്റി നടി റിയ

news image
Jan 15, 2024, 12:33 pm GMT+0000 payyolionline.in

മുംബൈ∙ തന്റെ ജയിൽ ജീവിതത്തിലെ അനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് നടി റിയ ചക്രവർത്തി. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് റിയ ഒരു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചത്.

ചേതൻ ഭഗത്തിന്റെ ചാറ്റ് ഷോയിലാണ് റിയ തന്റെ ദുരനുഭവം വിവരിച്ചത്. ജയിലിലെ ഭക്ഷണം മുതൽ തിരികെ ജീവിതത്തിലേക്ക് വരാൻ നടത്തിയ ശ്രമങ്ങൾ ഉൾപ്പെടെ നേരിട്ട വെല്ലുവിളികൾ നടി പങ്കുവച്ചു.

‘‘കോവിഡ് സമയത്ത് അറസ്റ്റിലായതിനാൽ 14 ദിവസത്തോളം എനിക്ക് ഏകാന്ത തടവിൽ കഴിയേണ്ടി വന്നു. ആ മുറിയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. വിശപ്പും ക്ഷീണവും കാരണം കഴിക്കാൻ നൽകിയതെല്ലാം കഴിച്ചു. റൊട്ടിയും കാപ്സിക്കവുമായിരുന്നു ജയിലിലെ ഭക്ഷണം. രാവിലെ ആറിനാണ് പ്രഭാത ഭക്ഷണം ലഭിക്കുക. പതിനൊന്നോടെ ഉച്ചഭക്ഷണവും ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ അത്താഴവും ലഭിക്കും. കാരണം ഇപ്പോഴും ഇന്ത്യയിലെ ജയിലുകളിൽ ബ്രിട്ടിഷ് രീതിയാണ് പിന്തുടരുന്നത്.

രാവിലെ ആറിന് ഗേറ്റുകൾ തുറക്കും, വൈകിട്ട് അഞ്ചോട് തിരികെ മുറിക്കുള്ളിൽ കയറ്റും. അതിനിടയിൽ കുളിക്കാനും ലൈബ്രറിയിൽ പോകാനും മറ്റും സമയമുണ്ട്. മിക്ക ആളുകളും അവരുടെ അത്താഴം എടുത്തുവച്ച് രാത്രി 7–8 മണിക്കാണ് കഴിക്കുക. എന്നാൽ ഞാൻ ദിനചര്യകളെല്ലാം മാറ്റിയിരുന്നു. രാവിലെ നാലു മണിക്ക് ഉണരുകയും ഉച്ചയ്ക്ക് രണ്ടു മണിയോടെ അത്താഴം കഴിക്കുകയും ചെയ്തു.

ജയിലിൽ ഏറ്റവും പ്രയാസമുണ്ടായത് ശുചിമുറി ഉപയോഗിക്കുന്നതിലാണ്. അവിടെ ശുചിമുറി ഒരിക്കലും നല്ലതായിരുന്നില്ല. ബക്കറ്റുമായി അവിടെ നിൽക്കുമ്പോഴുള്ള മാനസിക പ്രശ്നം ശാരീരിക പ്രശ്നത്തേക്കാൾ വലുതായിരുന്നു. ജയിലിലെ അന്തേവാസികളെ അടുത്തറിഞ്ഞപ്പോഴാണ് ഞാൻ എത്രത്തോളം ഭാഗ്യവതിയാണെന്ന് മനസ്സിലായത്. എന്റെ കൂടെയുണ്ടായിരുന്ന മിക്കവർക്കും കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ജാമ്യം ലഭിക്കാൻ അയ്യായിരമോ പതിനായിരമോ കൊടുക്കാനും അവരുടെ കയ്യിൽ ഇല്ലായിരുന്നു.

എന്നെ പിന്തുണയ്ക്കാൻ കുടുംബവും സുഹൃത്തുക്കളുമുണ്ടായിരുന്നു. എനിക്ക് നീതി കിട്ടുമെന്നും ജാമ്യം  ലഭിക്കുമെന്നും ഞാൻ തെറ്റൊന്നും ചെയ്തില്ലെന്നും മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് അവിടെയുള്ള സ്ത്രീകളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു. വീട്ടിൽനിന്നു മണി ഓർഡർ ലഭിക്കാനുള്ള സൗകര്യം ജയിലിൽ ഉണ്ടായിരുന്നു. എനിക്ക് 5,000 രൂപയാണ് മണിയോർഡറായി ലഭിച്ചത്’’– റിയ പറഞ്ഞു.

ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറിലാണ് റിയയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിനു ലഹരിമരുന്നു സംഘടിപ്പിക്കുന്നതിൽ പങ്കുണ്ടെന്നും അതിനായി പണം നൽകിയെന്നും ആരോപിച്ചാണ് എൻസിബി റിയയെ അറസ്റ്റ് ചെയ്തത്. 28 ദിവസത്തെ ജയിൽവാസത്തിനു ശേഷം റിയ പുറത്തിറങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe