ബംഗളൂരു: കർണാടകത്തിലെ രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ. സ്ഫോടനം നടന്ന് ഒരു മണിക്കൂറിനുശേഷം പ്രതി ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ടി ഷർട്ടും തൊപ്പിയും മാസ്കും ധരിച്ച പ്രതി സ്ഫോടക വസ്തു കഫേയിൽ വയ്ക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതേദിവസം രാത്രി ഒമ്പതിന് ഇയാൾ ബസ് സ്റ്റേഷനുള്ളിൽ നടക്കുന്നതും കാണാം. സ്ഫോടനത്തിനുശേഷം വസ്ത്രം മാറിയ പ്രതി തുമകുരു, ബെല്ലാരി, ബിദാർ, ഭട്കൽ തുടങ്ങിയ ഇടങ്ങളിലേക്ക് ബസിൽ സഞ്ചരിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഈ മാസം ഒന്നിനായിരുന്നു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ പത്തോളം പേർക്ക് പരിക്കേറ്റത്. തുടർന്ന് മൂന്നിനാണ് കേസ് എൻഐഎ ഏറ്റെടുത്തത്. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചും അന്വേഷണത്തിൽ എൻഐഎയോട് സഹകരിക്കുന്നുണ്ട്. സംഭവത്തിൽ ബെല്ലാരിയിൽ നിന്നുള്ള വസ്ത്രവ്യാപാരിയെയും പിഎഫ്ഐ പ്രവർത്തകനെയും അറസ്റ്റ് ചെയ്തു.
അതേസമയം, കഫേ ശനിയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. പ്രവേശനകവാടത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാനായി സന്ദർശകരെ ഹാൻഡ്ഹെൽഡ് ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.