തൃശൂർ: രാമവർമപുരം വൃദ്ധസദനത്തിൽ വച്ച് വിവാഹിതരായ ദമ്പതികളിൽ കൊച്ചനിയൻ അന്തരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 2019 ഡിസംബർ 28 നാണ് ലക്ഷ്മിയമ്മാളും കൊച്ചനിയനും വിവാഹിതരായത്. തന്റെ 67-ാം വയസിലാണ് 65 കാരിയായ ലക്ഷ്മിയമ്മാളിനെ കൊച്ചനിയൻ വിവാഹം ചെയ്തത്.
വൃദ്ധ സദനത്തിൽ താമസിക്കുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ വിവാഹം ചെയ്യാമെന്ന സാമൂഹ്യനീതി വകുപ്പിന്റെ അനുവാദത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നടന്ന ആദ്യ വിവാഹമാണ് ഇവരുടേത്. മുൻമന്ത്രി വി.എസ് സുനിൽകുമാർ അന്നത്തെ മേയർ അജിത വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
തൃശൂർ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാൾ പതിനാറാം വയസിൽ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യർ സ്വാമിയെയാണ് വിവാഹം ചെയ്തത്.വടക്കുംനാഥ ക്ഷേത്രത്തിൽ നാദസ്വരം വായിക്കാനെത്തിയ കൊച്ചനിയൻ പിന്നീട് സ്വാമിയുടെ പാചകസഹായിയായി. സ്വാമിയുടെ മരണശേഷം ഒറ്റക്കായ ലക്ഷ്മിയമ്മാളെ വിവാഹം ചെയ്യാൻ കൊച്ചനിയൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ലക്ഷ്മിയമ്മാൾ സമ്മതിച്ചില്ല. കൊച്ചനിയൻ പിന്നീട് വിവാഹിതനായെങ്കിലും ഭാര്യ മരിച്ചു.
വൃദ്ധസദനത്തിലെത്തിയ ലക്ഷ്മിയമ്മാളെ കാണാൻ കൊച്ചനിയൻ എത്താറുണ്ടായിരുന്നു. അതിനിടെ ഗുരുവായൂരിൽ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലേക്കും പിന്നീട് വയനാട് വൃദ്ധസദനത്തിലേക്കും മാറ്റി. അവിടെ ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞ കൊച്ചനിയനെ രാമവർമപുരത്ത് എത്തിക്കുകയായിരുന്നു. അങ്ങനെയാണ് ഇരുവരും വിവാഹിതരാകുന്നത്.