രാമമന്ത്ര മുഖരിതമായി അയോധ്യ, ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെത്തി, പ്രാണ പ്രതിഷ്ഠ അല്‍പ്പസമയത്തിനകം

news image
Jan 22, 2024, 6:32 am GMT+0000 payyolionline.in

ദില്ലി: അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മിനുട്ടുകള്‍ മാത്രം ബാക്കി. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

 

അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനിൽ കുംബ്ലെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ഇതിനോടകം ക്ഷേത്രത്തിലെത്തിയത്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തി. ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു. അതേസമയം, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അയോധ്യയിലെത്തിയില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും വിവിധ ആഘോഷ പരിപാടികളാണ് ബിജെപിയും ഹിന്ദു സംഘടനകളും നടത്തുന്നത്. പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടക്കുകയാണ്. തിരുവനന്തപുരം വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe