കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിന് ആശ്വാസമായി സമസ്തയുടെ പ്രതികരണം. രാഷ്ട്രീയ കക്ഷികളുടെ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും പങ്കെടുക്കുന്ന കാര്യം ഓരോ പാർട്ടിയും തീരുമാനിക്കട്ടെ എന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കോഴിക്കോട്ട് പറഞ്ഞു.
സമസ്ത മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് കോൺഗ്രസിന്റെ പ്രതിഷ്ഠാ ചടങ്ങിലെ പങ്കാളിത്തം വിവാദമാക്കിയത്. എന്നാൽ ഈ മുഖപ്രസംഗത്തെ തള്ളിയാണ് സമസ്ത അധ്യക്ഷൻ പ്രതികരിച്ചത്. സമസ്തയുടെ നിലപാട് ലീഗിനും കോൺഗ്രസിനും ഒരേ പോലെ ആശ്വാസകരമായി. സമസ്തയെ കൂട്ട് പിടിച്ച് കോൺഗ്രസിനെതിരെയുള്ള വികാരം രൂക്ഷമാക്കാമെന്ന സിപിഎമ്മിന്റെ കണക്ക് കൂട്ടലും പാളി. എന്നാൽ മുസ്ലിം സംഘടനകൾക്കിടയിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നുള്ള വികാരമാണ് പൊതുവെയുള്ളത്. ലീഗും ഇതേ നിലപാടാണ് കോൺഗ്രസിനെ അറിയിച്ചത്. അതേസമയം വിവാദം രൂക്ഷമാക്കേണ്ടതില്ല എന്നാണ് സമസ്ത അധ്യക്ഷന്‍റെ നിലപാട്.അതിനിടെ ക്രിസ്മസ് ആഘോഷത്തില്‍ ഇസ്ലാം വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന എസ് വൈ എസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ പ്രസ്താവനയെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്തുണച്ചില്ല. മതവിശ്വാസത്തിന് എതിരല്ലാത്ത ഏത് ആഘോഷത്തിലും പങ്കെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.