കൊച്ചി: ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിലാണ് ഇന്നലെ രാത്രി അപകടം നടന്നത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്ന് പൊലീസ് പറയുന്നു.
രണ്ട് പേർ ഉള്ളതായി ആദ്യം അറിഞ്ഞിരുന്നില്ല. മരിച്ച കെൽവിൻ ആന്റണിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തിരുന്നു. അതിന് ശേഷമാണ് ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. തെരച്ചിലിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. രാത്രിയിൽ വഴി അറിയാതെ പുഴയിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ഭാഗത്ത് പ്രത്യേകിച്ച് കൈവരികളൊന്നും ഉണ്ടായിരുന്നില്ല. കെൽവിന്റെ കുടുംബം എത്തിയതിന് ശേഷമേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ.