രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഫെബ്രുവരി 22ന് അവധി ; അറിയിപ്പുമായി സൗദി മന്ത്രാലയം

news image
Feb 17, 2024, 9:51 am GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് വരുന്ന വ്യാഴാഴ്ച (ഫെബ്രുവരി 22) രാജ്യത്തെ പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ഒരുപോലെ ബാധകമാണെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.സ്ഥാപക ദിന അവധിക്കൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി ലഭിക്കുന്ന ജീവനക്കാർക്ക് ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധിയുണ്ടാകും. ഫെബ്രുവരി 25 ആയിരിക്കും ഇവര്‍ക്ക് അവധികള്‍ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി കൊണ്ടാടുന്നത്. രാജ്യത്താകെ ഈ ആഘോഷം പൊടിപൊടിക്കാൻ ഒരുക്കം നടക്കുകയാണ്. ഐക്യത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള സൗദി അറേബ്യയുടെ പ്രയാണമാണ് ഈ ആഘോഷത്തിൽ പ്രതിഫലിക്കുന്നത്. സൗദിയുടെ സംസ്കാരം, ചരിത്രം, സൈനിക ശക്തി തുടങ്ങിയവയെല്ലാം വിളിച്ചോതുന്ന വിവിധ പരിപാടികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കും. കായിക, സംഗീത പരിപാടികളും ഇതോടൊപ്പം ആഘോഷങ്ങള്‍ക്ക് മിഴിവേകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe