ദില്ലി: രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട് കോടതി. നോയിഡയിലെ നിതാരയിൽ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ പ്രതികളായ സുരീന്ദർ കോലി, മൊനീന്ദർ സിംഗ് എന്നിവരെയാണ് അലഹബാദ് കോടതി വെറുതെ വിട്ടത്. സുനീന്ദർ സിംഗിന്റെ വീടിന്റെ പരിസരത്തുനിന്ന് എല്ലുകളും മറ്റ് മനുഷ്യ അവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പ്രധാന പ്രതി സുരീന്ദർ കോലിയെ എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെവിട്ടു. 12 കേസുകളിൽനിന്നാണ് സുരീന്ദർ കോലിയെ കുറ്റവിമുക്തനാക്കിയത്. കേസിലെ കൂട്ടുപ്രതിയായ ഇയാളുടെ സഹായി മൊനീന്ദർ സിംഗ് പന്ദറെയും രണ്ട് കേസുകളിൽ വെറുതെവിട്ടു. ഇവരുടെ വധശിക്ഷയും റദ്ദാക്കി. ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട സുരീന്ദർ കോലി, മൊനീന്ദർ സിംഗ് പന്ദർ എന്നിവരെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.
2005 നും 2006 നും ഇടയിൽ ഉത്തർപ്രദേശിലെ നോയിഡയിലെ നിതാരി പ്രദേശത്തുള്ള മൊനീന്ദർ പന്ദറിന്റെ വീട്ടിൽ വച്ചാണ് കൊലപാതക പരമ്പര നടന്നതെന്നാണ് കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയത്. പാന്ദേറിന്റെ വീട്ടിൽ സഹായിയായി ജോലി ചെയ്തിരുന്ന സുരീന്ദർ കോലിയും മൊനീന്ദറും കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കോലി കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് എത്തിക്കുകയും അവിടെ വെച്ച് ഇരുവരും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കേസ്. തെളിവ് നശിപ്പിക്കാൻ കുട്ടികളുടെ മൃതദേഹങ്ങൾ വെട്ടിമുറിച്ച് അഴുക്കുചാലിലേക്ക് വലിച്ചെറിയുകായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
പാന്ദേറിന്റെ വീടിന് സമീപമുള്ള അഴുക്കുചാലിൽ നിന്ന് കാണാതായ കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങൾ പുറത്തുവന്നത്. കൊലപാതകം, അംഗഭംഗം വരുത്തൽ, നരഭോജനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്ക് നേരെ അന്വേഷണ സംഘങ്ങൾ ആരോപിച്ചത്. തുടർകൊലപാതകങ്ങളാണ് നടന്നതെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഏറ്റെടുത്തു. 2007ൽ പന്ദറിനും കോലിക്കുമെതിരെ സിബിഐ 19 കേസുകൾ ഫയൽ ചെയ്തു. തൊഴിലുടമയുടെ വീട്ടിൽ വെച്ച് നിരവധി കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് സുരീന്ദർ കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മരിച്ചവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതായും അവരുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും കോലി നേരത്തെ സമ്മതിച്ചിരുന്നു. 20 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും ഇരുവരും ശിക്ഷിക്കപ്പെട്ടിരുന്നു.