രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്ട്; നിർമ്മാണം 30 മാസത്തിനകം പൂർത്തിയാക്കും

news image
Oct 5, 2026, 5:09 am GMT+0000 payyolionline.in

കോഴിക്കോട്: അവയവമാറ്റ ചികിത്സാരംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിതുറന്ന് രാജ്യത്തെ ആദ്യത്തെ സമ്പൂർണ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ) കോഴിക്കോട് യാഥാർത്ഥ്യമാകുന്നു. ചേവായൂരിലെ 20 ഏക്കർ ഭൂമിയിൽ നിർമ്മിക്കുന്ന സ്ഥാപനത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്കുള്ള വർക്ക് ഓർഡർ ഡൽഹി ആസ്ഥാനമായുള്ള ജാക്‌‌സൺ ലിമിറ്റഡിന് കൈമാറി. ദിവസങ്ങൾക്കുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്ന കെട്ടിടസമുച്ചയം 30 മാസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം.

കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതുവരെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് താൽക്കാലികമായി ആരംഭിക്കും. സ്ഥാപനം നിലവിൽ വരുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സച്ചെലവിന്റെ 25 മുതൽ 35 ശതമാനം വരെയുള്ള തുകയ്ക്ക് സാധാരണക്കാർക്ക് അവയവമാറ്റ ശസ്ത്രക്രിയകൾ ലഭ്യമാകും. പ്രധാന അവയവങ്ങൾക്ക് പുറമേ കോശങ്ങൾ (tissues), സെല്ലുകൾ എന്നിവ മാറ്റിവെക്കൽ, അനുബന്ധ ഗവേഷണങ്ങൾ, ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം എന്നിവയും ഇവിടെ ഒരുക്കും.

കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്.എൽ.എൽ. ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡിനാണ് പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് ചുമതല. രണ്ട് ഘട്ടങ്ങളായാണ് നിർമ്മാണം പൂർത്തിയാക്കുക. ഒന്നാം ഘട്ടത്തിൽ 10 ഓപ്പറേഷൻ തിയേറ്ററുകൾ, ഐ.സി.യു, ഡയാലിസിസ് കേന്ദ്രം എന്നിവയുൾപ്പെടെ 350 കിടക്കകളും 14 സ്‌പെഷ്യൽറ്റി വിഭാഗങ്ങളും പ്രവർത്തനസജ്ജമാകും.

റിസർച്ച് സെന്റർ, സെൽ ആൻഡ് ടിഷ്യൂ എൻജിനീയറിങ് കേന്ദ്രം എന്നിവയടങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിവർഷം 1,100 കോർണിയ, 520 വൃക്ക, 320 കരൾ, 50 ഹൃദയം, 40 ശ്വാസകോശം, 120 മജ്ജ, 15 പാൻക്രിയാസ് ഉൾപ്പെടെയുള്ള മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതോടെ നിലവിലെ ചികിത്സച്ചെലവ് മൂന്നിലൊന്നായി കുറയും. വലിയൊരു റിസർച് ഇൻസ്റ്റിറ്റ്യൂട്ടായി ഈ സ്ഥാപനത്തെ ഉയർത്താനാണു ലക്ഷ്യമിടുന്നത്.

കെ.ജയന്ത് (എംഎൽഎ)

മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി കെ. മുരളീധരൻ എന്നിവരുടെ സമയബന്ധിതമായ ഇടപെടലുകളാണ് പദ്ധതിക്ക് അതിവേഗ അനുമതി നേടിക്കൊടുത്തത്. തുടക്കം മുതൽ എം.കെ.രാഘവൻ എംപി നടത്തിയ നിരന്തര പരിശ്രമങ്ങളും സഹായകരമായി. നിരന്തര മേൽനോട്ടവും പദ്ധതി വേഗത്തിലാക്കാനുള്ള ഇടപെടലുകളും നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe