ഭുവനേശ്വർ∙ ഒഡീഷയിൽ ശനിയാഴ്ചയുണ്ടായ വ്യാപകമായ ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 12 ആയി. പതിനാലു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. മരിച്ചവരിൽ നാല് പേർ ഖുർദ ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ ബലംഗീറിൽ നിന്നുള്ളവരുമാണ്. അംഗുൽ, ബൗധ്, ധെങ്കനാൽ, ഗജപതി, ജഗത്സിങ്പുർ, പുരി എന്നിവിടങ്ങളിൽ ഓരോത്തർ വീതം മരിച്ചു. ഗജപതി, കാണ്ഡമാൽ ജില്ലകളിൽ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തതായി പ്രത്യേക ദുരിതാശ്വാസ കമ്മിഷൻ (എസ്ആർസി) അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും എസ്ആർസി വ്യക്തമാക്കി. ഇടിമിന്നലിനെ ഒഡീഷ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മൺസൂൺ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അസാധാരണവും തീവ്രവുമായ ഇത്തരം ഇടിമിന്നലുകൾ ഉണ്ടാകാറുള്ളതെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. തണുത്തതും അല്ലാത്തതുമായ മേഘങ്ങളുടെ കൂട്ടിയിടി ഇത്തരം പ്രതിഭാസങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അവർ വ്യക്തമാക്കി.
ബുധനാഴ്ച സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ബാഗാൾ ഉൾക്കടലിൽ സജീവമായ ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുകയും അതിന്റെ സ്വാധീനത്തിൽ ഒഡീഷയിലുടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. സംസ്ഥാനത്തെ ഒടുമിക്ക ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.