കാസർകോട്:ചെന്നൈ ഐസിഎഫ് ജനറൽ മാനേജർ ജെ.ബി.മല്യ കാസർകോട് സ്റ്റേഷൻ സന്ദർശിച്ചു. കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ നിലവിലെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. യാത്രക്കാരോടും സംസാരിച്ചു. മംഗളൂരുവിൽ ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ന് സാങ്കേതിക കാര്യങ്ങളിൽ ചർച്ച നടത്തും. വന്ദേഭാരതിന്റെ പുതിയ റേക്ക് ഇപ്പോൾ ചെന്നൈയിലാണ്. കേരളത്തിനായുള്ള രണ്ടാം വന്ദേഭാരതിന്റെ റൂട്ട് സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടായില്ലെങ്കിലും അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കുകയാണു റെയിൽവേ. ഇതിന്റെ ഭാഗമായാണ് ഐസിഎഫ് ജനറൽ മാനേജറുടെ കേരളത്തിലെ സന്ദർശനമെന്നു സൂചനയുണ്ട്.
എന്നാൽ, പുതിയ സർവീസ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചില്ലെന്ന നിലപാടാണ് റെയിൽവേ ഇപ്പോളും തുടരുന്നത്. പുതിയ വന്ദേഭാരത് സർവീസിന്റെ അറ്റകുറ്റപ്പണികൾക്കായി മംഗളൂരു റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ ക്രമീകരണങ്ങൾ പൂർത്തിയായിരുന്നു. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദർ ഇത് പരിശോധിക്കും. റൂട്ട് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണു സൂചന. ഐസിഎഫ് ജനറൽ മാനേജർക്കൊപ്പം റെയിൽവേയിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളും ഉണ്ടായിരുന്നു.