18274 പോളിങ് സ്റ്റേഷനുകളിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 2055 എണ്ണം കർശന നിരീക്ഷണത്തിൽ.
അധിക പൊലീസ് സുരക്ഷയും, വെബ്കാസ്റ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂർ 81, പാലക്കാട് 180, മലപ്പുറം 295, കോഴിക്കോട് 166, വയനാട് 189, കണ്ണൂർ 1025 എന്നിവയാണ് പ്രശ്നബാധിത ബൂത്തുകളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഈ ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിലായിരിക്കും. അതോടൊപ്പം അതത് ജില്ലകളിലെ കളക്ടറേറ്റുകളിൽ കൺട്രോൾ റൂമുകളിൽ സജ്ജീകരിച്ചിട്ടുള്ള ലൈവ് വെബ്കാസ്റ്റിങിലൂടെയും നിരീക്ഷണം നടത്തും. സിറ്റി പെലീസ് കമ്മീഷണറുടെയും, ജില്ലാ പെലീസ് മേധാവികളുടെയും നേതൃത്വത്തിലായിരിക്കും നിരീക്ഷണം നടത്തുക. ബൂത്തിനുള്ളിൽ അതിക്രമിച്ചു കടക്കൽ, കൂട്ടംകൂടി നിന്ന് വോട്ടെടുപ്പിന് തടസ്സമാകൽ എന്നിവയുണ്ടായാൽ കർശന നടപടികളുണ്ടാകും. അസ്വാഭാവികമായി എന്തുണ്ടായാലും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് 2 കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. പൊലീസ്, എൈക്സൈസ്, ബി എസ് എൻ എൽ,ഐ കെ എം, കെൽട്രോൺ, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്ദ്യോഗസ്തരും നിരീക്ഷണം നടത്തും.
