കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. എല്ലാ ജില്ലകളിലും പോളിങ് 70 ശതമാനം കടന്നു. വ്യാഴം വൈകുന്നേരം ആറര വരെയുള്ള കണക്കുകൾ പ്രകാരം 75.38% ആണ് രണ്ടാംഘട്ടത്തിലെ ആകെ പോളിങ്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ വോട്ടിങ്. കുറവ് തൃശൂരിലും.
തൃശൂർ- 71.88%, പാലക്കാട്- 75.60%, മലപ്പുറം- 76.85%, കോഴിക്കോട്- 76.47%, വയനാട്- 77.34%, കണ്ണൂർ- 75.73%, കാസർകോട്- 74.03% എന്നിങ്ങനെയാണ് പുറത്തുവന്ന കണക്ക്. അന്തിമ വോട്ടിങ് കണക്ക് പിന്നീട് പുറത്തുവരും.
കാസർകോട് മുതൽ തൃശൂർവരെ ഏഴ് ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകിട്ട് ആറിന് അവസാനിച്ചു. ശനിയാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിക്കും.
തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ തിങ്കളാഴ്ച വോട്ടെടുപ്പ് പൂർത്തിയായി. ആദ്യഘട്ടത്തിൽ 70.91 ശതമാനമായിരുന്നു പോളിങ്. തിരുവനന്തപുരംമുതൽ എറണാകുളംവരെയുള്ള ഏഴ് ജില്ലയിൽ 94,10,450 പേർ സമ്മതിദായക അവകാശം വിനിയോഗിച്ചു. 2020ൽ ഇൗ ഏഴു ജില്ലകളിലെ ശരാശരി പോളിങ് 73.82 ശതമാനമായിരുന്നു. ഇക്കുറി ഏഴ് ജില്ലയിലും പോളിങ് കുറഞ്ഞു. എറണാകുളം ജില്ലയിലാണ് കൂടുതൽ പോളിങ്, 74.57 ശതമാനം. കുറവ് പത്തനംതിട്ടയിലും 66.78.
