രജൗരിയിൽ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു

news image
Jul 22, 2024, 5:14 am GMT+0000 payyolionline.in

ശ്രീ ന​ഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ രജൗരി ജില്ലയിലെ ഗുണ്ട ഗ്രാമത്തിലുള്ള ആർമി ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു.

സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിവെപ്പിനെ തുടർന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചു.

റോമിയോ ഫോഴ്‌സിൻ്റെ രാഷ്ട്രീയ റൈഫിൾസ് (ആർആർ) യൂണിറ്റ്, ജമ്മു കശ്മീർ പോലീസ് (ജെകെപി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ സൈന്യം പുതുതായി സ്ഥാപിച്ച ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.

ജമ്മു മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന ഭീകരാക്രമണങ്ങൾക്കിടയിലാണ് ഇതും. ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി ജമ്മു സന്ദർശിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്യാമ്പ് ഭീകരർ ലക്ഷ്യം വച്ചിരുന്നു എന്നാണിത് ചൂണ്ടിക്കാണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏതാനും വർഷം മുമ്പ് വരെ ഭീകരതയിൽ നിന്ന് മുക്തമായിരുന്ന മേഖലയിൽ ഇപ്പോൾ സൈന്യത്തിന് നേരെയുണ്ടായ വൻ ഭീകരാക്രമണങ്ങളെ നേരിടാനുള്ള നടപടികൾ ആരംഭിച്ചു. പ്രത്യേക സേനയെ ഉള്‍പ്പെടെ അധിക സേനയെ സൈന്യം ജമ്മുവില്‍ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഭീകരുടെ സാന്നിദ്ധ്യം മനസിലാക്കിയാണ് നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe