രക്ഷാദൗത്യം നിര്‍ത്തി വെക്കരുത്, സൈന്യത്തെ ഇറക്കണം, നിലവിലെ സംവിധാനത്തിൽ വിശ്വാസം നഷ്ടമായി: അർ‍ജുന്റെ കുടുംബം 

news image
Jul 20, 2024, 11:46 am GMT+0000 payyolionline.in
കോഴിക്കോട്: ക‍ര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവ‍ര്‍ അ‍ര്‍ജുന് വേണ്ടിയുളള രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടണമെന്ന് കുടുംബം. ദൗത്യം നി‍ര്‍ത്തിവെക്കരുത്.  തിരച്ചിൽ കാര്യക്ഷമമാക്കണം. സൈന്യത്തെ ഇറക്കണം. നിലവിലെ സംവിധാനത്തിൽ വിശ്വാസം നഷ്ടമായെന്നും കേരളത്തിൽ നിന്നുള്ള സന്നദ്ധരായി എത്തുന്നവർക്ക് അവസരം നൽകണമെന്നും  കുടുംബം ആവശ്യപ്പെട്ടു.

‘അര്‍ജുന് വേണ്ടിയുളള തിരച്ചിൽ നിർത്തി വെക്കരുത്. ക‍ര്‍ണാടക പൊലീസ് വേണ്ടത് ചെയ്യുമെന്ന് കരുതിയാണ് ആദ്യ ദിവസങ്ങളിൽ കാത്തിരുന്നത്. എന്നാൽ അനാസ്ഥയുണ്ടായി. 3 ദിവസമായി മണ്ണെടുക്കുന്നുണ്ട്. ലോറി ഉടമകളിലൊരാളും അവിടെ എത്തിയിട്ടുണ്ട്. ക‍ര്‍ണാകട എസ്പി ലോറി ഉടമ മനാഫിനെ മർദിച്ച സ്ഥിതിയുണ്ടായി. ഇപ്പോൾ മകനെ ജീവനോടെ കിട്ടുമോ എന്നതിൽ വ്യക്തതയില്ലെന്ന് അ‍ര്‍ജുന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

എത്രയും പെട്ടന്ന് സൈന്യം വരണം. രക്ഷാദൗത്യം നിർത്തിവെക്കരുത്. അവിടെ മണ്ണ് നീക്കുന്നതിടെ നിരവധി വണ്ടികളും മൃതദേഹങ്ങളും കിട്ടിയിട്ടുണ്ട്. ഇതൊന്നും പുറത്ത് അറിഞ്ഞിട്ടില്ല. ഇതെല്ലാം പുറത്ത് അറിയണം. അവിടെ സ്ഥലത്ത് നമ്മുടെ ആളുകളുണ്ട്. അവ‍ര്‍ പോലും സുരക്ഷിതരാണോ എന്നറിയില്ല. 5 ദിവസം കഴിഞ്ഞിട്ടും എന്താണ് ക‍‍ര്‍ണാടക സ‍ര്‍ക്കാര്‍ ചെയ്തത്.? അന്ന് തന്നെ മിസിംഗ് കേസ് ലോറി ഉടമ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോൾ ക‍‍ര്‍ണാടക പൊലീസ് പറയുന്നത്. അനാസ്ഥ പുറത്തറിയുന്നതിലുളള ബുദ്ധിമുട്ടാണ് അധികൃത‍ര്‍ കാണിക്കുന്നത്. ആദ്യ ദിവസങ്ങളിൽ രക്ഷാദൗത്യത്തിന് വളരെ കുറച്ച് ആളുകൾ മാത്രമാണുണ്ടായിരുന്നതെന്ന് അര്‍ജുന്റെ സഹോദരിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe