യൂസർ ഫീ പിരിക്കുന്നതിൽ പ്രതിഷേധം ; വടകരയില്‍ ഓട്ടോറിക്ഷകൾ റെയിൽവേ സ്റ്റേഷൻ വളപ്പിൽ നിർത്താതെ പുറത്തു നിന്നു സർവീസ് നടത്തി

news image
Sep 4, 2024, 7:01 am GMT+0000 payyolionline.in

വടകര ∙ യൂസർ ഫീ പിരിക്കുന്നതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷകൾ റെയിൽവേ സ്റ്റേഷൻ വളപ്പിൽ നിർത്താതെ പുറത്തു നിന്നു സർവീസ് നടത്തി.    സ്റ്റേഷൻ വളപ്പിൽ നിർത്തി ആളെ കയറ്റുന്നവർ വർഷം 2400 രൂപ യൂസർ ഫീ അടയ്ക്കണമെന്ന റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്. സ്റ്റേഷനിൽ ഓട്ടോറിക്ഷ കിട്ടാത്തതോടെ, ലഗേജുമായി വന്ന നൂറു കണക്കിനു യാത്രക്കാരും രോഗികളും വലഞ്ഞു. ഒടുവി‍ൽ പൊലീസ് ഇൻസ്പെക്ടർ ഇടപെട്ടു.     പ്രശ്നം പിന്നീട് ചർച്ച ചെയ്യാമെന്നും തൽക്കാലം റെയിൽവേ സ്റ്റേഷനിൽ നിർത്തി സർവീസ് നടത്തണമെന്നും നിർദേശിക്കുകയായിരുന്നു.

3 മാസം കൂടുമ്പോൾ 250 രൂപ അടയ്ക്കാൻ 2 വർഷം മുൻപ് റെയിൽവേയുടെ നിർദേശമുണ്ടായിരുന്നു. അന്നു കുറച്ചു പേർ അടച്ചെങ്കിലും പിന്നീട് ഓട്ടോറിക്ഷക്കാർ ഫീ തരില്ലെന്ന നിലപാട് അറിയിച്ചു. അതിനു ശേഷം ഫീ പിരിച്ചിട്ടില്ല. നിലവിൽ നഗരസഭയുടെ പാർക്കിങ് പെർമിറ്റ് (വിഎം പെർമിറ്റ്) ഫീ അടച്ച് പുതുക്കുന്ന ഓട്ടോകൾ റെയിൽവേ സ്റ്റേഷനിലും മറ്റൊരു ഫീ അടയ്ക്കണമെന്ന നിലപാട് ശരിയല്ലെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.

ട്രാക്ക് സൗകര്യം പോലും ഏർപ്പെടുത്താതെ സ്റ്റേഷന്റെ മു‍ൻഭാഗത്ത് നിർത്താൻ വേണ്ടി മാത്രം ഇത്രയും തുക ഈടാക്കുന്നതിലാണ് പ്രതിഷേധം. ഉത്തരവ് ഉണ്ടെങ്കിലും മറ്റു സ്റ്റേഷനുകളിലൊന്നും യൂസർ ഫീ ഈടാക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷനിൽ സർവീസ് നടത്തിയാലും ഇല്ലെങ്കിലും ഫീ കൃത്യമായി അടയ്ക്കണമെന്നാണ് റെയിൽവേ പറയുന്നത്. ഇതിനെതിരെ സമരം നടത്താനാണ് ഓട്ടോ ഡ്രൈവർമാരുടെ തീരുമാനം.

ഫീ അടയ്ക്കാത്ത ഓട്ടോറിക്ഷകൾക്കെതിരെ ആർപിഎഫ് നടപടി തുടങ്ങി. ഇന്നലെയും ഇത്തരം ഓട്ടോകളുടെ ഫോട്ടോ എടുത്ത് കേസ് റജിസ്റ്റർ ചെയ്തിരുന്നു. വരും ദിവസങ്ങളിലും നടപടിയുണ്ടാകുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.ഓട്ടോറിക്ഷകളിൽ നിന്ന് ഭീമമായ തുക യൂസർ ഫീ ആയി വാങ്ങാനുള്ള റെയിൽവേ തീരുമാനം ഉപേക്ഷിക്കണമെന്ന് വടകര ഓട്ടോ കൂട്ടായ്മ ആവശ്യപ്പെട്ടു. ശ്രീപാൽ മാക്കൂൽ ആധ്യക്ഷ്യം വഹിച്ചു. മിഥുൻ കൈനാട്ടി, ഉണ്ണി പഴങ്കാവ്, ശ്യാമ തോടന്നൂർ, പ്രദീപൻ കുട്ടോത്ത്, ബബീഷ് കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe