യൂറോപ്പ്‌ മുങ്ങി; 15 മരണം, 12,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു

news image
Sep 17, 2024, 2:17 pm GMT+0000 payyolionline.in

വാർസോ: രണ്ടാഴ്ചയായി തുടരുന്ന പേമാരിയെത്തുടർന്ന് മധ്യയൂറോപ്പിലുണ്ടായ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.  മധ്യ, കിഴക്കൻ യൂറോപ്പിൽ നാശം വിതച്ച ബോറിസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിലാണ്‌ മധ്യ, കിഴക്കൻ യൂറോപ്പ്‌ വെള്ളത്തിൽ മുങ്ങിയത്‌. കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരി ഓസ്ട്രിയ, ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, സ്ലോവാക്ക്യ തുടങ്ങിയ രാജ്യങ്ങളിൽ കനത്ത നാശം വിതച്ചിരിക്കുകയാണ്‌.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ട്‌, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്‌ എന്നിവിടങ്ങളിൽ നിന്നായി 12,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ചെക്ക് റിപ്പബ്ലിക് അതിർത്തിക്കടുത്തുള്ള ഗ്ലൂക്കോളാസിയിൽ വെള്ളപ്പൊക്കത്തിൽ പാലം തകർന്നു. പോളണ്ടിൽ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന പല നദികളും കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. മൊറാവ നദി നിറഞ്ഞൊഴുകിയതിനെത്തുടർന്ന് 70% പ്രദേശങ്ങളിലും വെള്ളം ക്രമാതീതമായി പൊന്തി. സ്ട്രോണി സ്ലാസ്കിയിൽ അണക്കെട്ട് തകർന്നതിനെ തുടർന്ന് ഒരു വീട് ഒലിച്ചുപോയി. പേമാരിയിൽ റൊമാനിയയിൽ മാത്രം ആറ്‌ പേരാണ്‌ മരിച്ചത്.

ഓസ്ട്രിയയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിരക്ഷാപ്രവർത്തൻ ഉൾപ്പടെ മൂന്നുപേർ മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായി. ഹംഗറിയിൽ ഡാന്യൂബും  കരകവിഞ്ഞു. തിങ്കളാഴ്ച വരെ മേഖലയിൽ കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe