യു.എൽ.സി.സി.സി.ക്ക് പുതിയ സാരഥി ; നിയുക്ത ചെയർമാനായി എസ് . ഷാജു തിരഞ്ഞെടുക്കപ്പെട്ടു

news image
Aug 9, 2026, 4:49 pm GMT+0000 payyolionline.in

മടപ്പള്ളി: രാജ്യത്തെ ഏറ്റവും വലിയ ലേബർ സഹകരണ സൊസൈറ്റിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ULCCS) പുതിയ സാരഥി. നിലവിലെ മാനേജിംഗ് ഡയറക്ടർ എസ്. ഷാജുവിനെ സൊസൈറ്റിയുടെ നിയുക്ത ചെയർമാനായി മടപ്പള്ളിയിലെ ആസ്ഥാനത്ത് ചേർന്ന ഭരണസമിതി യോഗം ഏകകണ്ഠമായി നിർദ്ദേശിച്ചു.

​മൂന്ന് പതിറ്റാണ്ടുകാലം യു.എൽ.സി.സി.സിയുടെ വൻ വികസന കുതിപ്പിന് നേതൃത്വം നൽകിയ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ സാരഥിയെ തെരഞ്ഞെടുത്തത്. താത്കാലിക ചെയർമാന്റെ ചുമതല വഹിച്ചിരുന്ന വൈസ് ചെയർമാൻ എം.എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.

​കഴിഞ്ഞ നിരവധി വർഷങ്ങളായി സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന എസ്. ഷാജു, സ്ഥാപനത്തിന്റെ വളർച്ചയിലും വിവിധ പദ്ധതികളുടെ നടത്തിപ്പിലും നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. സംസ്ഥാന സഹകരണ വകുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും അദ്ദേഹം ചെയർമാനായി ചുമതലയേൽക്കുക. അതുവരെ വൈസ് ചെയർമാൻ എം.എം. സുരേന്ദ്രൻ ചെയർമാന്റെ ചുമതലയിൽ തുടരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe