ചണ്ഡീഗഡ്: ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷത്തിനിടെ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ച നിലയിൽ കണ്ടെത്തുന്ന അഞ്ചാമത്തെ സംഭവമാണിത്. ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിൽ ഡോക്ടറൽ ബിരുദ വിദ്യാർഥി സമീർ കാമത്തിനെ തിങ്കളാഴ്ച വൈകുന്നേരമാണ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2023 ഓഗസ്റ്റിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ 23കാരൻ യു.എസ് പൗരത്വവും നേടിയിരുന്നു. 2025ലാണ് ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കേണ്ടിയിരുന്നത്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറൽ വിദ്യാർത്ഥിയായ സമീർ കാമത്തിനെ (23) തിങ്കളാഴ്ച വാറൻ കൗണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് മേധാവി എക്കാർഡ് ഗ്രോൾ അറിയിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച ഒഹായോ സ്റ്റേറ്റിലെ ലിൻഡ്നർ സ്കൂൾ ഓഫ് ബിസിനസ് വിദ്യാർത്ഥിയായ ശ്രേയസ് റെഡ്ഡി ബെനിഗർ എന്ന 19 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ത്യാനയിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിലെ നീൽ ആചാര്യ എന്ന മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ ജനുവരി 28ന് കാണാതാവുകയും ദിവസങ്ങൾക്ക് ശേഷം മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈയിടെ യു.എസിൽ എം.ബി.എ ബിരുദം നേടിയ 25 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വിവേക് സൈനിയെ ചുറ്റികകൊണ്ട് അടിച്ചുകൊന്നിരുന്നു. ഇലനോയ്സ് ഉർബാന-ചാമ്പെയ്ൻ സർവകലാശാലയിലെ 18 കാരനായ അകുൽ ബി ധവാനെ കഴിഞ്ഞ മാസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.