യു.എസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമം; ബോട്ടപകടത്തിൽ ഏഷ്യയിൽ നിന്നുള്ള എട്ട് പേർ മരിച്ചു

news image
Mar 30, 2024, 1:32 pm GMT+0000 payyolionline.in

മെക്സിക്കോ സിറ്റി: യു.എസിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ മെക്‌സിക്കോയുടെ തെക്കൻ പസഫിക് തീരത്ത് ബോട്ടപകടത്തിൽ ഏഷ്യയിൽ നിന്നുള്ള എട്ട് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഒരു യാത്രക്കാരൻ രക്ഷപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, മരിച്ചവർ ഏഷ്യയിൽ നിന്നുള്ളവരാണെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ ആളുകളെ കുത്തിനിറച്ചതാണ് ബോട്ടു മുങ്ങാൻ ഇടയാക്കിയതെന്ന് കരുതുന്നു. മെക്‌സിക്കോ-ഗ്വാട്ടിമാല അതിർത്തിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ കിഴക്കുള്ള പ്ലായ വിസെൻ്റെ പട്ടണത്തിലെ കടൽത്തീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ബോട്ടപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അധികൃതർ അന്വേഷണത്തിലാണ്. മെക്സിക്കോ കടന്ന് യു.എസ് അതിർത്തിയിലെത്താൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന പാതയാണ് ഈ പ്രദേശം. ഭൂരിഭാഗം കുടിയേറ്റക്കാരും കര വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാൽ ചിലർ മെക്സിക്കോയ്ക്കുള്ളിലെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കാൻ പണം നൽകി അപകടം പിടിച്ച കടൽ വഴിയുള്ള യാത്ര തിരഞ്ഞെടുക്കുന്നു. ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റുന്നതു മൂലം മിക്ക സമയത്തും ബോട്ടുകൾ അപകടത്തിലകപ്പെടാറുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe