യുവാവ് ട്രെയിനിലെ ഫാനിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ; പോക്കറ്റിൽ തൃശൂരിൽ നിന്ന് യാത്ര ചെയ്ത ടിക്കറ്റ്

news image
Jan 18, 2024, 9:19 am GMT+0000 payyolionline.in

ബെംഗളൂരു∙ ട്രെയിനിനുള്ളിലെ ഫാനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ബയപ്പനഹള്ളിയിൽ സർ എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവിൽ നിന്ന് കാരയ്ക്കലിലേക്ക് (മൈസൂരു – കാരയ്ക്കൽ എക്‌സ്പ്രസ്) പോവുകയായിരുന്ന ട്രെയിനിന്റെ കംപാർട്ടുമെന്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.

 

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ല. ആത്മഹത്യയെന്നാണ് നിഗമനം. ഇയാളുടെ വസ്ത്രത്തിന്റ പോക്കറ്റിൽ നിന്ന് ജനുവരി 16ന് തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെടുത്തു.

രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരൻ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനിൽ നിന്ന് ഈ കംപാർട്ട്മെന്റ് വേർപെടുത്തി. ട്രെയിന്‍ 3 മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്.

മൈസൂരു – കാരയ്ക്കൽ എക്‌സ്പ്രസ് പൂർണമായും റിസർവ് ചെയ്യാത്ത ട്രെയിനാണ്. ഈ ട്രെയിൻ മൈസൂരുവിൽനിന്ന് പുലർച്ചെ 2ന് ബെംഗളൂരുവിലെത്തി ടെർമിനലിന്റെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ഒരു യാത്രക്കാരൻ ട്രെയിനിൽ കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പിന്നാലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

പുലർച്ചെ 3 നും 3.30 നും ഇടയിൽ കംപാർട്ടുമെന്റ് പൂർണമായും ഒഴിഞ്ഞ സമയത്താണ് ഇയാൾ മരിച്ചതെന്നു കരുതുന്നു. മരിച്ചയാളെ തിരിച്ചറിയാൻ കേരള പൊലീസിന് ഉൾപ്പെടെ വിവരം നൽകിയിട്ടുണ്ട്. മൃതദേഹം സി.വി.രാമൻ നഗറിലെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe