യുവതിയോട് അപമര്യാദയായി പെരുമാറി; ആളൂരിന്‍റെ മൊഴിയെടുക്കും

news image
Feb 1, 2024, 4:18 pm GMT+0000 payyolionline.in

കൊച്ചി: ഭൂമി കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അഡ്വ ബി.എ ആളൂരിന്‍റെ മൊഴിയെടുക്കാന്‍ പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ആളൂരിന്‍റെ മൊഴിയെടുക്കുക. ഇതിനിടെ, പരാതിയില്‍ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന്  എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്. അതേസമയം, അപമര്യാദയായി പെരുമാറിയെന്ന  പരാതി കെട്ടിച്ചമച്ചതാണെന്ന് ബി.എ ആളൂർ പ്രതികരിച്ചു.  ജനുവരി  31 ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ  തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസിന്‍റെ കാര്യം സംസാരിക്കാൻ ഓഫീസിന്‍റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം.

തന്‍റെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഫീസ് ആളൂർ  ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചാൽ മതിയെന്നും ഫീസ് വേണ്ടെന്നും പറഞ്ഞതായും പരാതിയുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പരാതിയ്ക്ക് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് ആളൂർ പ്രതികരിക്കുന്നത്. യുവതി ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. അപ്പോൾ ജൂനിയർ അഭിഭാഷകർ അടക്കം ഓഫീസിലുണ്ടായിരുന്നു. യുവതിയുടെ കേസിൽ തന്‍റെ ജൂനിയർ അഭിഭാഷകരെ നേരിട്ട് ഇടപെടിക്കുന്നതിൽ പരാതിക്കാരിയായ യുവതിയുമായി തനിക്ക് ചില തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ വിരോധമാകാം  പരാതിയ്ക്ക് പിറകിലെന്നും ആളൂർ  പറഞ്ഞു. സെൻട്രൽ പൊലീസ് ഉടൻ ആളൂരിന്‍റെ മൊഴിയെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe