യുദ്ധഭൂമിയിൽ ആശ്വാസമായി ഓപ്പറേഷൻ അജയ്; 2 വിമാനങ്ങൾ കൂടി ഇസ്രയേലിൽ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

news image
Oct 14, 2023, 7:08 am GMT+0000 payyolionline.in
ടെൽഅവീവ്: ഓപ്പറേഷൻ അജയ് യുടെ ഭാ​ഗമായി ഇന്ന് രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യക്കാരുമായി ഇസ്രയേലിൽ നിന്ന് പുറപ്പെടും. ഇസ്രയേലിൽ നിന്ന് തിരികെ എത്തുന്ന ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്. വൈകിട്ട് 5 മണിക്ക് ടെൽ അവീവിൽ നിന്നും പുറപ്പെടുന്ന ആദ്യ എയർ ഇന്ത്യ വിമാനം രാത്രി ഒന്നരക്ക് ദില്ലിയിൽ എത്തും. രാത്രി പത്തരയ്ക്കാണ് രണ്ടാമത്തെ വിമാനം പുറപ്പെടുക. ടെൽ അവീവിൽ നിന്നും പുറപ്പെടുന്ന പ്രത്യേക സ്പൈസ് ജെറ്റ് വിമാനം നാളെ രാവിലെ 7 മണിക്ക് ദില്ലിയിൽ എത്തുമെന്നും അധികൃതർ അറിയിച്ചു.

‘ഓപ്പറേഷൻ  അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തില്‍ നിന്നുളള ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നലെയാണ് ഇവര്‍ എത്തിയത്.  കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം.സി, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു, മലപ്പുറം പെരിന്തൽ മണ്ണ  മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ,  ഭാര്യ രസിത ടി.പി എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യ സംഘത്തിലുള്ളത്.

 

കഴിഞ്ഞ ദിവസം രാത്രി ടെല്‍ അവീവില്‍ നിന്നും പ്രത്യക വിമാനത്തില്‍ തിരിച്ച ഇവര്‍ പുലര്‍ച്ചയോടെയാണ് ഡല്‍ഹിയിലെത്തിയത്. പിന്നീട് എ.ഐ 831 നമ്പർ ഫ്ലൈറ്റിൽ ഉച്ചകഴിഞ്ഞ് 02.30 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ദിവ്യ റാം  പാലക്കാട് സ്വദേശി നിള നന്ദ എന്നിവർ സ്വന്തം നിലയ്ക്കാണ് ഡല്‍ഹിയില്‍ നിന്നും നാട്ടിലേയ്ക്ക് എത്തിയത്.

ആദ്യസംഘത്തിലെ കേരളീയരായ ഏഴുപേരും ഇസ്രായേലില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്. ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ക്ക് നോര്‍ക്ക കൊച്ചിയിലേയ്ക്കുളള വിമാനടിക്കറ്റുകളും ലഭ്യമാക്കി. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്. കെ.ആര്‍ ന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe