കോട്ടയം ∙ പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളാക്കി അവതരിപ്പിക്കുകയായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.ഇടതു സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാൻ മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നു. മുഖ്യമന്ത്രി തന്റേതാക്കാൻ ശ്രമിക്കുന്ന കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവേ തുടങ്ങിയവയെല്ലാം ഉമ്മൻ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും സ്വന്തമാക്കാൻ പിണറായി വിജയനു സാധിക്കില്ല.
പിണറായി സർക്കാരിന്റെ തുടർഭരണം കേരളത്തെ വൻ പ്രതിസന്ധിയിലെത്തിച്ചു. ചരിത്രത്തിലാദ്യമായി ഇത് വറുതിയുടെയും വേദനയുടെയും ഓണമാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി.മൊയ്തീന്റെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ കോടികളുടെ പണമിടപാട് കേരളത്തെ ഞെട്ടിച്ചു. മുൻ ഇടതു മന്ത്രിമാരും ഇപ്പോഴുള്ളവരും ഇത്തരം ആരോപണങ്ങളുടെ മുൾമുനയിലാണെന്നും കെ.സുധാകരൻ പറഞ്ഞു.