യുഡിഎഫ്-എൽഡിഎഫ് താരതമ്യ പരസ്യത്തിനെതിരെ പരാതി; വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് ആരോപണം

news image
Mar 6, 2026, 11:09 am GMT+0000 payyolionline.in

തിരുവനന്തപുരം: വിവിധ പത്രങ്ങളിലായി വന്ന യുഡിഎഫ്-എൽഡിഎഫ് ഭരണകാല താരതമ്യപരസ്യങ്ങൾക്കെതിരെ പരാതി. അധ്യാപകനായ ഷിനോ പി ജോസ് ആണ് പരാതിയുമായി രംഗത്തുവന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്.

വായനക്കാരായ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരസ്യം എന്നാണ് ആരോപണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനങ്ങളെത്തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നും എൽഡിഎഫ് സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പിആർഡി വിഭാഗത്തെ ഉപയോഗിച്ചു എന്നും പരാതിയിലുണ്ട്. പിആർഡിക്കെതിരെയും എൽഡിഎഫ് കൺവീനർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആവശ്യം.

ദേശാഭിമാനി, മാധ്യമം തുടങ്ങിയ നിരവധി മലയാളം പത്രങ്ങളിലും ദി ഹിന്ദു തുടങ്ങിയ നിരവധി ഇംഗ്ലീഷ് പത്രങ്ങളിലും മാർച്ച് അഞ്ചിനാണ് സർക്കാരിന്റെ പ്രചാരണ പരസ്യം വന്നത്. ‘ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, നാൽപത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടൽ ഭീഷണിയിൽ, പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, പെൻഷനുകൾ മുടങ്ങിയിട്ട് പതിനെട്ട് മാസം’ എന്നിങ്ങനെയെല്ലാമാണ് ഒന്നാം പേജിൽ നൽകിയിരിക്കുന്നത്. രണ്ടാം പേജിൽ പിണറായി വിജയന്റെ കാലത്ത് ഇതേ കാര്യങ്ങൾ പരിഹരിച്ചതായി പറയുന്നു.

രണ്ട് ഭരണകാലഘട്ടങ്ങളെ താരതമ്യം ചെയ്തുകൊണ്ടാണ് ‘വാർത്ത’ നൽകിയിരിക്കുന്നത്. ‘കേരളം ഇനി മുതൽ ഇരുട്ടിൽ, ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്’ എന്ന് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഉദ്ദേശിച്ച് പറയുമ്പോൾ ‘പവർക്കട്ടില്ലാത്ത പത്ത് വർഷങ്ങൾ, കേരളത്തിൽ വെളിച്ച വിപ്ലവം’ എന്നാണ് പിണറായി സർക്കാരിന്റെ ഭരണകാലം ചൂണ്ടിക്കാട്ടി പറയുന്നത്. ‘കുട്ടികൾ എവിടെപ്പോയി പഠിക്കും, നാൽപത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടൽ ഭീഷണിയിൽ’ എന്നാണ് ഉമ്മൻ ചാണ്ടി ഭരണകാലത്തെ വിദ്യാഭ്യാസ രംഗത്തെ കുറിച്ച് പറയുന്നത്. രണ്ടാം പേജിലേക്ക് വരുമ്പോൾ ആദ്യ പേജിന്റെ അതേ സ്ഥാനത്ത് നൽകിയിരിക്കുന്നത് ഇങ്ങനെ, ‘പുതുശോഭയിൽ പൊതുവിദ്യാഭ്യാസം, 111 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തിയായി’.

മറ്റൊരു പ്രധാന താരതമ്യം ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ടാണ്. ‘ഓണത്തിനും ക്ഷേമമില്ല, പെൻഷനുകൾ മുടങ്ങിയിട്ട് പതിനെട്ട് മാസം’ എന്നാണ് ഒന്നാം പേജിൽ എങ്കിൽ ‘2000 രൂപ വീതം അറുപത്തിരണ്ട് ലക്ഷം പേർക്ക്, മുടങ്ങാതെ പെൻഷൻ, കൈനിറയെ ക്ഷേമം’ എന്നാണ് നൽകിയിരിക്കുന്നത്. കെഎസ്ആർടിസി, ദേശീയപാത സ്ഥലമേറ്റെടുപ്പ്, പാഠപുസ്തക വിതരണം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അടക്കമുള്ളയും താരതമ്യം ചെയ്തിട്ടുണ്ട്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെഎസ്ആർടിയിൽ മാസം 124 കോടിയോളം രൂപയുടെ നഷ്ടമാണെങ്കിൽ പിണറായി സർക്കാരിന്റെ കാലത്ത് എല്ലാ ഡിപ്പോകളും ലാഭത്തിലാണെന്നാണ് പറയുന്നത്. യുഡിഫ് ഭരണകാലത്ത് ‘പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ’യാണെങ്കിൽ എൽഡിഎഫ് ഭരണകാലത്ത് ‘പാഠപുസ്തകങ്ങൾ സ്‌കൂളുകൾ തുറക്കും മുമ്പേ’ ആണ്. മന്ത്രിമാരുടെ പ്രതികരണങ്ങളും താരതമ്യം ചെയ്ത് നൽകിയിട്ടുണ്ട്. ‘കളറായതുകൊണ്ട് വൈകി’ എന്നാണ് യുഡിഎഫ് മന്ത്രി പറയുന്നതെങ്കിൽ ‘ഫോട്ടോ സ്റ്റാറ്റ് ഇനി വേണ്ട’ എന്നാണ് എൽഡിഎഫ് സർക്കാരിന്റെ മന്ത്രി പറഞ്ഞത്. ‘എങ്ങുമെത്താതെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി-വികസനത്തിന് ഇന്ധനമായി ഗെയ്ൽ, സാമ്പത്തിക വർഷത്തിന്റെ അവസാനദിനം ട്രഷറി കാലി-ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കി സർക്കാർ, ടാറിനും കുടിശ്ശിക, റോഡ് പണി നിലച്ചു-റോഡുകൾ ഹൈടെക്ക്, ശമ്പളം നൽകാൻ എൽഐസിയിൽ നിന്ന് കടമെടുക്കാൻ സർക്കാർ-ശമ്പളവും ക്ഷേമവും മുടങ്ങാതെ കേരളം, മരുന്നില്ലാതെ ആശുപത്രികൾ-ആരോഗ്യമേഖലയിൽ ഫെബ്രുവരിയിൽ 2,789 കോടിയുടെ പദ്ധതികൾ’ തുടങ്ങിയവയും നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe