മനാമ: യെമനിൽ അമേരിക്കയും ബ്രിട്ടനും നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 37 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി വിമതസേന. ജനുവരിയിലാണ് ഹൂതി കേന്ദ്രങ്ങൾക്കുനേരെ യുഎസും യുകെയും ആക്രമണം തുടങ്ങിയത്. 424 വ്യോമാക്രമണങ്ങളാണ് ഇതുവരെ നടത്തിയതെന്നും ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ ഹൂതി ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേൽ താൽപ്പര്യങ്ങളെ പിൻതുണക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങി. ചെങ്കടലിൽ 90 കപ്പലുകളെ ഹൂതികൾ ലക്ഷ്യമിട്ടതായും ഒരു മാസത്തിനിടെ ഹൂതി സേന 125 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 34 ആക്രമണങ്ങൾ നടത്തിയതായും അബ്ദുൾ മാലിക് പറഞ്ഞു.