ബീജിങ്: യാഗി ചുഴലിക്കാറ്റ് ചൈനയിലെ ഹൈനാൻ ദ്വീപിൽ കര തൊട്ടു. ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ ചൈനീസ് തീരപ്രദേശങ്ങളിലും ഹോങ്കോങ്ങിലും മക്കാവുവിലും കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായി. ഹൈനാനിൽ സ്‌കൂളുകൾ രണ്ട് ദിവസം അടച്ചിട്ടു. വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. പ്രദേശത്തുനിന്ന് 400,000 പേരെ ഒഴിപ്പിച്ചതായി ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. രാവിലെ കൊടുങ്കാറ്റിൻ്റെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 245 കിലോമീറ്ററിലെത്തി. 2024 ലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് യാഗി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് ഹൈനാൻ ദ്വീപിൻ്റെ വടക്കേ അറ്റത്ത് എത്തിയത്.
വാരാന്ത്യത്തിൽ വിയറ്റ്നാമിലേക്കും ലാവോസിലേക്കും നീങ്ങുന്നതിന് മുമ്പ് ചൈനയുടെ വലിയൊരു ഭാഗത്തെ ചുഴലിക്കാറ്റ് ബാധിക്കും. ഹൈനാൻ പ്രദേശത്തെ 419,367 താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലമായ ഹോങ്കോങ്-മക്കാവു-സുഹായ് പാലം ഉൾപ്പെടെ, പ്രദേശത്തുടനീളമുള്ള ഗതാഗതമാർഗങ്ങളും ബിസിനസ് സ്ഥാപനങ്ങളും അടച്ചു. ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചു. വടക്കൻ വിയറ്റ്‌നാമിലെ ഹനോയിയിലെ നോയ് ബായ് ഇൻ്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെ നാല് വിമാനത്താവളങ്ങൾ അടച്ചു. വടക്കൻ ഫിലിപ്പൈൻസിൽ 16 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു.
കാലാവസ്ഥാ പ്രതിസന്ധി മൂലം ചുഴലിക്കാറ്റുകൾ ശക്തമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈന, തായ്‍ലൻഡ്, ലാവോയ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയാണ് യാഗി ബാധിക്കുക. ജപ്പാനാണ് ചുഴലിക്കാറ്റിന് യാഗി എന്ന് പേരിട്ടത്.