യമനില്‍ ഇസ്രയേല്‍ ആക്രമണം; 6 മരണം

news image
Jul 22, 2024, 4:22 am GMT+0000 payyolionline.in

മനാമ: യമനിലെ ചെങ്കടൽ തുറമുഖ നഗരമായ ഹൊദെയ്‌ദയിലേക്ക്‌ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 87 പേർക്ക് പരിക്ക്‌.

ശനി രാത്രിയാണ് എണ്ണ സംഭരണ കേന്ദ്രങ്ങളും പവർ പ്ലാന്റും ലക്ഷ്യമാക്കിയുള്ള ആക്രമണം. പ്രദേശത്ത് വൻ തീപിടിത്തമുണ്ടായി. എന്നാൽ, ടെൽ അവീവിൽ ഒരാളുടെ മരണത്തിന്‌ ഇടയാക്കിയ ഹൂതി ഡ്രോൺ ആക്രമണത്തിന് മറുപടിയായി യമനിലെ സൈനിക താവളങ്ങളാണ്‌ ആക്രമിച്ചതെന്ന്‌  ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

തിരിച്ചടിയായി ഇസ്രയേലിന്റെ ചെങ്കടൽ തുറമുഖ നഗരം അൽ റഷ്‌റാഷി(ഐലാറ്റ്)ലേക്കും അമേരിക്കൻ കപ്പലിനുനേർക്കും മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് ജനറൽ യഹ്‌യ സാരി പറഞ്ഞു. ആക്രമണം സ്ഥീരികരിച്ച ഇസ്രയേൽ, യമനിൽനിന്ന് എത്തിയ ഉപരിതല ബാലിസ്റ്റിക് മിസൈൽ വെടിവച്ചിട്ടതായി അവകാശപ്പെട്ടു.
ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചശേഷം ഹൂതികൾക്കെതിരെ ഇസ്രയേൽ നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആക്രമണമായിരുന്നു ശനിയാഴ്ചത്തേത്‌.

ഹൊദെയ്ദ ആക്രമണത്തിന് വേദനാജനകമായ പ്രതികരണമുണ്ടാകുമെന്നും അമേരിക്കൻ, ബ്രിട്ടീഷ് സംരക്ഷണം ഇസ്രയേലിനെ രക്ഷിക്കില്ലെന്നും ഹൂതി സുപ്രീംപൊളിറ്റിക്കൽ കൗൺസിൽ പ്രഖ്യാപിച്ചു. യമൻ ആക്രമണം ഇസ്രയേലിന്റെ എതിരാളികൾക്കുള്ള മുന്നറിയിപ്പാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe