മൻമോഹൻ സിങ് ജനാധിപത്യത്തിന്‍റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു -മുഖ്യമന്ത്രി

news image
Dec 27, 2024, 5:01 am GMT+0000 payyolionline.in

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്‍റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹൻ സിങ്ങിനുണ്ടായിരുന്നു എന്നും പിണറായി വിജയൻ പറയുന്നു.

“തന്‍റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ. മൻമോഹൻ സിങ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മന്‍റിൽ ധനമന്ത്രിയായിരുന്ന മന്മോഹൻ സിങ്ങിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹൻ സിങ്ങിഗിനുണ്ടായിരുന്നു. അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്‍റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ചു. ഡോ. മൻമോഹൻ സിങ്ങഗിന്‍റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്” -മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe