കണ്ണൂർ: വളപട്ടണത്തെ വ്യാപാരി അഷ്റഫിന്റെ വീട്ടില്‍ നിന്ന് കവർന്ന 300 പവന് സ്വര്‍ണവും ഒരു കോടി രൂപയും അയല്‍വാസി ലിജീഷ് സൂക്ഷിച്ചത് സ്വന്തം വീട്ടിൽ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി. വെല്‍ഡിങ് ജോലിക്കാരനാണ് 30കാരനായ ലിജീഷ്. തന്നെ സംശയം തോന്നാതിരിക്കാന്‍ ഇയാൾ മോഷണശേഷം നാട്ടില്‍ തന്നെ തുടരുകയായിരുന്നു. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ ചോദ്യംചെയ്യൽ തുടരുകയാണ്.
കഴിഞ്ഞമാസം 20നാണ് അരി വ്യാപാരിയായ അഷ്റഫിന്റെ വീട്ടിൽ വൻ മോഷണം നടന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ മധുരയിൽ പോയ അഷ്റഫും കുടുംബവും നവംബര്‍ 24ന് രാത്രിയില്‍ മടങ്ങിയെത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്.
അഷ്റഫിന്റെ വിവരങ്ങളെല്ലാം കൃത്യമായി അറിയുന്ന, വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. പരിശോധനക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയാണ്. ഇയാളെ കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ പിടികൂടിയത്.
വെൽഡിങ് തൊഴിലാളിയായ ലിജീഷ് തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കർ തകർത്തത്. വീട്ടിലെ സി.സി.ടി.വിയില്‍ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ 20നും 21നും രാത്രിയില്‍ വീട്ടില്‍ കടന്നതായും തെളിഞ്ഞിരുന്നു. എന്നാൽ, സി.സി.ടി.വിയില്‍ മുഖം വ്യക്തമല്ലായിരുന്നു. ജനലും ലോക്കറുമെല്ലാം കൂടുതൽ പരിക്കില്ലാതെ കൃത്യമായി മുറിച്ചുമാറ്റിയത് വെൽഡിങ് വൈദഗ്ധ്യമുള്ള ഒരാളാകാം മോഷ്ടാവെന്ന നിഗമനത്തിലെത്താൻ പൊലീസിന് സഹായകമായി.
ആദ്യത്തെ ദിവസത്തെ മോഷണം കഴിഞ്ഞ് രണ്ടാംദിവസവും പ്രതി വീട്ടിനുള്ളിൽ കടന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. അഷ്റഫ് മടങ്ങിവന്നിട്ടില്ലെന്ന് കൃത്യമായി അറിയുന്നയാളാണ് പ്രതിയെന്ന് ഇതിൽ നിന്നും പൊലീസ് മനസ്സിലാക്കി. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാള്‍ക്ക് അത് തുറക്കാനാവില്ലെന്നും പൊലീസ് വിലയിരുത്തി. തുടർന്നാണ്, എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
വീട് അടച്ച് പുറത്ത് പോകുന്ന ശീലം അഷ്റഫിന് പതിവായിരുന്നു. വീട്ടിനകത്ത് ഭേദപ്പെട്ട ലോക്കർ സംവിധാനവും അടച്ചുറപ്പുള്ള വാതിലുകളുമുണ്ടെന്നതായിരുന്നു ആത്മവിശ്വാസം. ഈ സാഹചര്യത്തിൽ കളവു നടക്കുമെന്ന ഭയമുണ്ടായില്ല. അതുകാരണമാണ് വീട് അടച്ച് പോകുമ്പോൾ സുരക്ഷാ ജീവനക്കാരെ നിയമിക്കാത്തതും പൊലീസിൽ അറിയിക്കുകയോ ചെയ്യാതിരുന്നത്.
വീട്ടിലെ ലോക്കറിന് മുകളിൽ മരത്തിന്റെ മറ്റൊരു അറ നിർമിച്ചാണ് സ്വർണവും പണവും സൂക്ഷിച്ചത്. താക്കോൽ മറ്റൊരു അലമാരയിലും അതിന്റെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്. ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോൽ എടുത്തിരിക്കുന്നത്.
അഷ്റഫിന്റെ അരി മൊത്തക്കച്ചവട സ്ഥാപനമായ അഷ്റഫ് ട്രേഡേഴ്സ് വീടിനോട് ചേർന്ന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അഞ്ചോളം വരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാൻ സ്ഥാപനത്തിൽ സൗകര്യമൊരുക്കിയതിനാൽ എന്തെങ്കിലും ശബ്ദം കേട്ടാൽ തൊഴിലാളികൾ അറിയുമെന്ന വിശ്വാസവുമുണ്ടാമായിരുന്നു. എന്നാൽ, എല്ലാവരുടെയും വിശ്വാസവും ധാരണയും തെറ്റിച്ചാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ കവർച്ച നടന്നത്.
അസി. പൊലീസ് കമീഷണർ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസന്വേഷിച്ചിരുന്നത്. വളപട്ടണം, കണ്ണൂർ സിറ്റി, മയ്യിൽ, ചക്കരക്കല്ല് എന്നിവിടങ്ങളിലെ സി.ഐമാരും എസ്.ഐമാരും സംഘത്തിലുണ്ടായിരുന്നു.